മണി നായകനാണെങ്കില്‍ ഞാന്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ നടന്‍ പിന്നീട് മണി പ്രശസ്തനായപ്പോള്‍ തോളില്‍ കൈയ്യിട്ടു നടന്നു: വിനയന്‍

കലാഭവന്‍ മണിയുടെ ജീവിത കഥയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ക്ക് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ ലഭിക്കുന്നത്. കറുപ്പിന്റെ അല്ലെങ്കില്‍ ദലിത് വികാരത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട മണിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു.

സിനിമയിലും മാറ്റിനിര്‍ത്തലുകള്‍ ഉണ്ട്. ഇന്ദ്രന്‍സിനും സുരാജിനുമൊക്കെ നായികമാരെ കിട്ടാതിരുന്നിട്ടുണ്ടെന്നും വിനയന്‍ പറഞ്ഞു. കലാഭവന്‍ മണിയ്ക്കൊപ്പം നടിമാര്‍ മാത്രമല്ല, ഒരു പ്രമുഖ നടനും അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് വിനയന്‍ പറഞ്ഞു.

വിനയന്റെ വാക്കുകള്‍:

പ്രമുഖ നടന്‍മാരൊക്കെ മണി ദലിതനാണ്, കറുത്തതാണ് എന്ന പേരില്‍ മണി നായകനായ ചിത്രത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. എന്നാല്‍ മണി പിന്നീട് പ്രശസ്തനായപ്പോള്‍ ചേര്‍ത്തുപിടിച്ചവരാണിവരെല്ലാം. ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെ മണി ഇവരെയെല്ലാം പിന്നീട് സഹായിച്ചിട്ടുമുണ്ട്. ഇതില്‍ ഹണി റോസ് അവതരിപ്പിക്കുന്നത് മണിയോടൊപ്പം അഭിനയിക്കില്ലെന്നു പറഞ്ഞ നടിയെ മാത്രമല്ല, അവനോട് സിനിമയിലുള്ളവര്‍ കാണിച്ച മുഴുവന്‍ അവഗണനയുമുണ്ട്.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ ജനാര്‍ദനന്‍ ചെയ്ത ചായക്കടക്കാരന്റെ വേഷത്തില്‍ അഭിനയിക്കേണ്ടിയിരുന്നത് ഒരു പ്രമുഖ നടനായിരുന്നു. 25000 രൂപ അഡ്വാന്‍സും വാങ്ങിയതാണ് ഈ ചിത്രത്തിനായി. എന്നാല്‍ മണിയെ നായകനായി നിശ്ചയിച്ചു എന്നറിഞ്ഞതോടെ അഡ്വാന്‍സ് നിര്‍മാതാവിനെ തിരിച്ചേല്‍പ്പിച്ചു. മണി പ്രശസ്തനായ ശേഷം ഇദ്ദേഹം മണിയുടെ തോളില്‍ കയ്യിട്ടു നടക്കുന്നത് കണ്ടിട്ടുണ്ട്. പ്രത്യേക സാഹചര്യങ്ങളില്‍ മണിയുടെ സഹായം തേടുന്നതും മണി സഹായിക്കുന്നതും. ‘എന്താടാ മണി ഇതൊക്കെ’ എന്ന് ചോദിച്ചപ്പോള്‍ നമ്മളെ കൊണ്ടാവുന്നത് ചെയ്യുന്നു സാറേ എന്നു പറഞ്ഞിട്ടുമുണ്ട്.

pathram desk 1:
Related Post
Leave a Comment