കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേപ്പെടുത്താന്‍ നീക്കം. പരാതിക്കാരിയോടൊപ്പമുള്ള അഞ്ച് കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് അന്വേഷണ സംഘത്തിന്റെ നിര്‍ണായക നീക്കം.
ജയിലില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യത്തിനായി ശ്രമിക്കുന്നതിനിടെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പരാതിക്കാരിയോടൊപ്പം നില്‍ക്കുന്ന അഞ്ച് കന്യാസ്ത്രീകള്‍ക്കൊപ്പം പ്രധാന സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച അപേക്ഷ കോട്ടയം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. ബിഷപ് പുറത്തിറങ്ങിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതകളേറെയാണ്. ഇത് പ്രതിരോധിക്കാനുള്ള വഴികളാണ് അന്വേഷണ സംഘം തേടുന്നത്. കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളായ പരാതിക്കാരിയുടെ ഇടവക വികാരി ദിവസങ്ങള്‍ക്ക് മുന്‍പ് നിലപാട് മാറ്റി.
ബിഷപ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി കന്യാസ്ത്രീ പറഞ്ഞിരുന്നുവെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത് ഈ വൈദികനാണ്. തെളിവുകളുണ്ടെന്നും പരാതി ഒത്തുതീര്‍പ്പാക്കാന്‍ ബിഷപിന്റെ അനുയായികള്‍ ചര്‍ച്ചയ്ക്ക് എത്തിയിരുന്നുവെന്നും വൈദികന്‍ നല്‍കിയ മൊഴിയിലുണ്ട്. എന്നാല്‍ ഒരാഴ്ച മുന്‍പ് വൈദികന്‍ കന്യാസ്ത്രിക്കെതിരെ തിരിഞ്ഞു. ഇത് ഒരു സൂചനയായി പൊലീസ് കാണുന്നു.
കേസില്‍ മൊഴി നല്‍കിയവരുടെയെല്ലാം വെളിപ്പെടുത്തല്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് കോടതി തെളിവായി സ്വീകരിക്കാനിടയില്ല. ഈ സാഹചര്യത്തിലാണ് പ്രധാനപ്പെട്ട സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള പൊലീസ് നീക്കം. കേസുമായി ബന്ധപ്പെട്ട് നൂറിലേറെ പേരുടെ മൊഴിയെടുത്തു. ഇതില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍പേരുടെ മൊഴിയും അന്വേഷണ സംഘം ശേഖരിക്കും. അതേസമയം പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ കടുത്തുരുത്തി സി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരിക്കും തുടര്‍നടപടികള്‍.
Leave a Comment