കലാശപ്പോരാട്ടത്തില്‍ ഇന്ത്യയ്ക്കെതിരെ ഷാക്കിബ് കളിക്കില്ല

അബുദാബി: ഇന്ത്യയ്ക്കെതിരായ ഏഷ്യാകപ്പ് ഫൈനല്‍ നാളെ നടക്കാനിരിക്കെ ബംഗ്ലാദേശിന് തിരിച്ചടി. വിരലിന് പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് ഫൈനലില്‍ കളിക്കാനാവില്ല. നാട്ടിലേക്ക് മടങ്ങിയ ഷാക്കിബ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തി.വിരലിന് നീര് വര്‍ദ്ധിച്ചതിനാല്‍ ഷാക്കിബിന് ബാറ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്നും ശസ്ത്രക്രിയ അനിവാര്യമാണെന്നും ടീം മാനേജര്‍ ഖലീദ് മഹമൂദ് പറഞ്ഞു. തുടര്‍ ചികിത്സകള്‍ക്കായി ഉടന്‍ യു.എസ്.എയിലേക്ക് പോകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനെതിരായ സെമി പോരാട്ടം നേരത്ത താരത്തിന് നഷ്ടമായിരുന്നു. എന്നാല്‍ സൂപ്പര്‍ ഫോറിലെ അവസാന കളിയില്‍ പാക്കിസ്ഥാനെ 37 റണ്‍സിനു കീഴടക്കി ബംഗ്ലാദേശ് കലാശക്കളിക്ക് യോഗ്യത നേടുകയായിരുന്നു. ഏഷ്യാകപ്പില്‍ അവസാന നാല് എഡിഷനുകളില്‍ ഇത് മൂന്നാം തവണയാണ് ബംഗ്ലാ കടുവകള്‍ ഫൈനല്‍ കളിക്കുന്നത്.

മുഷ്ഫിഖര്‍ റഹിമിന്റെയും (99), മുഹമ്മദ് മിഥുന്റെയും (60) ഇന്നിങ്ങ്സുകളാണ് ബംഗ്ലദേശിനു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഇമാമുല്‍ ഹഖ് (83) തിളങ്ങിയെങ്കിലും പാക്കിസ്ഥാനെ വിജയത്തിലെത്തിക്കാനായില്ല. 43 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത മുസ്തഫിസുര്‍ റഹ്മാനാണ് പാക്കിസ്ഥാനെ പിടിച്ചിട്ടത്. മികച്ച ഫോമില്‍ ബാറ്റു ചെയ്തിരുന്ന ശുഐബ് മാലിക്കിനെ (30) മടക്കിയ ക്യാപ്റ്റന്‍ മുര്‍ത്താസയുടെ ഡൈവിങ് ക്യാച്ചാണു കളിയുടെ ഗതി മാറ്റിയത്.

pathram desk 2:
Related Post
Leave a Comment