വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല; ഐ.പി.സി 497ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി വിധി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 497 ാം വകുപ്പ് കോടതി റദ്ദാക്കി. ഭര്‍ത്താവ് സ്ത്രീകളുടെ യജമാനന്‍ അല്ല. സ്ത്രീയ്ക്കും പുരുഷനും തുല്യ അധികാരമാണ്. സമൂഹം പറയുന്ന പോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീ ബാധ്യസ്ഥയല്ല. ഐ.പി.സി 497ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി. സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി.

വിവാഹമോചനത്തിന് വിവേഹേതര ലൈംഗികബന്ധം കാരണമാകാം. എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമല്ല. സമൂഹത്തിന്റെ താല്‍പര്യത്തിനനുസരിച്ച് ചിന്തിക്കണമെന്നും ജീവിക്കണമെന്നും സ്ത്രീയോട് ആവശ്യപ്പെടാനാവില്ല. ജനാധിപത്യത്തിന്റെ സൗന്ദര്യം ഞാനും നീയും നമ്മളും എന്നതാണ്. ഒരു ലിംഗത്തിന് മേല്‍ മറ്റൊരു ലിംഗത്തിന് നല്‍കുന്ന പരമാധികാരം തെറ്റാണെന്നും വിധിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് നരിമാനാണ് വിധിപ്രസ്താവം നടത്തിയത്. സ്ത്രീകളുടെ ആത്മാഭിമാനം മാനിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു.

മലയാളിയായ ജോസഫ് ഷൈനാണ് 497 ആം വകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ ഈ വകുപ്പ് റദ്ദാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. റദ്ദാക്കിയാല്‍ വിവാഹം എന്ന സമ്പ്രദായം തന്നെ തകരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു. നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാന്‍ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഉഭയ സമ്മതത്തോടെ ഒരാള്‍ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അയാള്‍ എന്തിന് ജയിലില്‍ പോകണം എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

pathram desk 1:
Related Post
Leave a Comment