തിരുവനന്തപുരം: പീഡനക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ സമരത്തില്‍ നിലപാടു മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ സൂചനയാണെന്ന് കോടിയേരി പറഞ്ഞു. സമരത്തിലൂടെ തെളിഞ്ഞതു കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണ്. സമരത്തെ ഹൈജാക്ക് ചെയ്യാന്‍ സിപിഎം വിരുദ്ധര്‍ ശ്രമിച്ചതാണ് പാര്‍ട്ടി തുറന്നുകാട്ടിയതെന്നും കോടിയേരി അവകാശപ്പെട്ടു.
സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതു പ്രതിഷേധങ്ങള്‍ക്കു വിധേയമായിട്ടല്ലെന്നും കോടിയേരി പറഞ്ഞു. കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ സമരം രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്ന് ആയിരുന്നു വ്യാഴാഴ്ച കോടിയേരി പറഞ്ഞിരുന്നത്. സമരത്തിനു പിന്നില്‍ ദുരുദ്ദേശ്യമാണ്. സമര കോലാഹലമുയര്‍ത്തി തെളിവുശേഖരണം തടസ്സപ്പെടുത്താനാണു ശ്രമമെന്നും കോടിയേരി ആരോപിച്ചിരുന്നു.
അതിനിടെ ബിഷപിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. കന്യാസ്ത്രീ പീഡനത്തിനിരയായെന്നു ബോധ്യപ്പെട്ടതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിനിടെ 13 തവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. വസ്ത്രങ്ങളും ലാപ്‌ടോപ്പും കണ്ടെത്തണം. ബിഷപ് അധികാരമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു. ഭീഷണി കാരണമാണ് കന്യാസ്ത്രീ ആദ്യം മൗനം പാലിച്ചത്. സഭ വിടേണ്ട സാഹചര്യമുണ്ടായതോടെയാണ് പരാതി നല്‍കാന്‍ കന്യാസ്ത്രീ തയാറായത്. ബിഷപ്പിനെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
ഇതിനിടെ ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവന്നു തുടങ്ങി. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാലാ കോടതിയിലാണ് പ്രോസിക്യൂഷന്‍ പുതിയ പരാതികളുടെ വിവരം അറിയിച്ചത്.
2014 -2016 കാലയളവില്‍ 13 തവണ പീഡിപ്പിക്കപ്പെട്ടുവെന്നാണു കന്യാസ്ത്രീയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തത്.
Leave a Comment