‘ഒടിയന്റ’ ട്രെയിലര്‍ എത്തുന്നത് ‘കായംകുളം കൊച്ചുണ്ണി’യ്‌ക്കൊപ്പം

കൊച്ചി:നീണ്ട നാളായുള്ള മോഹന്‍ലാല്‍ ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് ബ്രഹ്മാണ്ഡ ചിത്രം ‘ഒടിയ’ന്റെ ട്രെയിലര്‍ എത്തുന്നു. പല തവണ ട്രെയിലര്‍ റിലീസ് മാറ്റി വച്ചതിനെത്തുടര്‍ന്നാണ് ഈ പ്രഖ്യാപനം. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചതാണീ വിവരം.

”അതേ, ‘ഒടിയന്‍’ ട്രെയിലര്‍ എത്തുകയാണ്, കായംകുളം കൊച്ചുണ്ണി’ക്കൊപ്പം ഒക്ടോബര്‍ 11ന്. സ്‌ക്രീനില്‍ കാണുന്നതിനു ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് ലാലേട്ടന്റെ പേജിലും ട്രെയിലര്‍ എത്തും” എന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.ചിത്രം ഒക്ടോബര്‍ 11ന് തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. മഴയും പ്രളയവും അപ്രതീക്ഷിതമായെത്തിയ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ‘ഒടിയ’ന്റെ ട്രെയിലര്‍ ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തിയാണ് ‘ഒടിയന്‍’ റിലീസിന് തയ്യാറെടുക്കുന്നത്. റിലീസിന് മൂന്ന് മാസം മുന്‍പ് തന്നെ മുക്കം പിസി ടാക്കീസ് എന്ന തിയേറ്ററില്‍ ‘ഒടിയന്‍’ പൂര്‍ണ്ണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു എന്നും സോഷ്യല്‍ മീഡിയ സിനിമാ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘പുലിമുരുകന്‍’ എന്ന ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. എം.ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. റഫീഖ് അഹമ്മദിന്റേതാണ് ഗാനരചന. ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്.

pathram desk 2:
Related Post
Leave a Comment