കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇടക്കാല ജാമ്യം തേടാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഫ്രാങ്കോയുടെ അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തി വൈക്കം മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും. ഫ്രാങ്കോയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍
വെക്കും. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി 15 മണിക്കൂര്‍ നടത്തിയ ചോദ്യം ചെയ്യലിനു ശേഷവും ബിഷപ്പ് തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നതും കന്യാസ്ത്രീക്കെതിരെ ആരോപണം ഉന്നയിക്കുകയും തുടര്‍ന്നതോടെ ഇന്നലെ വിട്ടയച്ച പോലീസ് രാവിലെ കുറവിലങ്ങാട് മഠത്തില്‍ എത്തി കന്യാസ്ത്രീയില്‍ നിന്ന് അന്തിമ വിശദീകരണവും തേടി. രാവിലെ 10.30 ഓടെ മൂന്നാം ദിനം ചോദ്യം ചെയ്യലിന് എത്തിയ ഫ്രാങ്കോയുടെ കൈകളില്‍ വിലങ്ങണിയിക്കാന്‍ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. 11.30 ഓടെ അറസ്റ്റ് തീരുമാനമായെങ്കിലും ഉച്ചയോടെ പോലീസ് വാര്‍ത്ത ബന്ധുക്കളെ അറിയിച്ചു. ഇതോടെ അറസ്റ്റ് വാര്‍ത്ത സ്ഥിരീകരിച്ചു.
അറസ്റ്റ് ഉറപ്പാണെന്ന് കണ്ടതോടെ ഇന്നലെ വത്തിക്കാനില്‍ നിന്നും ഫ്രാങ്കോയെ ജലന്ധര്‍ രുപതയുടെ ചുമതലകളില്‍ നിന്നും മാറ്റിക്കൊണ്ട് കല്പന പുറത്തുവന്നിരുന്നു. ചുമതലകളില്‍ നിന്ന് തത്ക്കാലം മാറിനില്‍ക്കാന്‍ അനുവദിക്കണമെന്ന ഫ്രാങ്കോയുടെ അപേക്ഷ അംഗീകരിക്കുകയായിരുന്നുവെന്ന് കല്പനയില്‍ പറയുന്നു. പകരം മുംബൈ മുന്‍ സഹായ മെത്രാനായിരുന്ന ആഗ്നെലോ റുഫീനോ ഗ്രേഷ്യസിനെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ആയി നിയമിച്ചിരുന്നു.
ഓഗസ്റ്റ് 13ന് ജലന്ധറില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴികളില്‍ വലിയ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ബിഷപ്പിനെ ബുധനാഴ്ച തൃപ്പൂണിത്തുറയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. അന്ന് ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ചോദ്യങ്ങളോട് ശരിയായി പ്രതികരിക്കാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ മൊഴികളിലെ പരിശോധനയിലും വൈരുദ്ധ്യം മുഴച്ചുനിന്നിരുന്നു. രണ്ടാം ദിവസം തെളിവുകളും കൂടുതല്‍ മൊഴികളും വച്ചുനടത്തിയ ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ ശരിക്കുംപെട്ടു. എങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഫ്രാങ്കോയുടെ മൊഴികള്‍ തൃപ്തരമല്ലാതെ വന്നുവെങ്കിലും രാത്രി ആറരയോടെ വിട്ടയച്ചു. കന്യാസ്ത്രീയുടെ രഹസ്യമൊഴി കൂടി കണക്കിലെടുത്ത് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്താന്‍ തീരുമാനിച്ചു. ഫ്രാങ്കോയുടെ മൊഴികള്‍ സംബന്ധിച്ച് കന്യാസ്ത്രീയെ വിവരങ്ങള്‍ ധരിപ്പിക്കുകയും രാവിലെ ഐ.ജി അന്തിമ നിയമോപദേശം സ്വീകരിക്കുകയും ചെയ്ത ശേഷം അറസ്റ്റിനു തീരുമാനമായി.
തൃപ്പൂണിത്തുറ ഹൈടെക് പോലീസ് സെല്ലില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍. ഫ്രാങ്കോയുടെ ഭാവപ്രകടനങ്ങള്‍ പകര്‍ത്താന്‍ നാലു കാമറകളും മൊഴികള്‍ പൂര്‍ണ്ണമായും പകര്‍ത്താന്‍ റെക്കോര്‍ഡിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ഇന്റര്‍നെറ്റ് വഴി ദൃശ്യങ്ങള്‍ ഉന്നതോദ്യോഗസ്ഥര്‍ തത്സമയം വീക്ഷിച്ചു. എല്ലാതരത്തിലും ഫ്രാങ്കോയെ പ്രതിരോധത്തിലാക്കിയായിരുന്നു അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ നടത്തിയത്. കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും സമ്മര്‍ദ്ദവും സങ്കീര്‍ണ്ണതകളും നിറഞ്ഞതും എന്നാല്‍ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണവും ചോദ്യം ചെയ്യലുമാണ് ഈ ദിവസങ്ങളില്‍ കടന്നുപോയത്.
Leave a Comment