ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ തീരുമാനമായില്ലെന്നു കോട്ടയം എസ്പി

കൊച്ചി: പീഡനക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ തീരുമാനമായില്ലെന്നു കോട്ടയം എസ്പി ഹരിശങ്കര്‍. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും അറസ്റ്റ് എപ്പോഴെന്നു പറയാനാകില്ലെന്നും എസ്പി പറഞ്ഞു. നിയമോപദേശം തേടിയിട്ടില്ല. സര്‍ക്കാര്‍ അഭിഭാഷകരുടെ അഭിപ്രായം ആരായുക മാത്രമാണു ചെയ്തതെന്നും എസ്പി വ്യക്തമാക്കി.
അതേസമയം ബിഷപ്പിന് ഇന്ന് നിര്‍ണായകദിനമാണ്. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം അന്വേഷണസംഘം അറസ്റ്റിലേക്കു കടന്നേക്കാമെന്നു സൂചനയുണ്ട്. എന്നാല്‍ മൊഴികളും തെളിവുകളും ശക്തമാക്കണമെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച ബിഷപ് നല്‍കിയ മൊഴികളിലും തെളിവുകളിലുമുളള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനായി മൂന്നുസംഘങ്ങള്‍ രാത്രിമുതല്‍ പരിശ്രമത്തിലാണ്. ഇവരുടെ വിശകലനങ്ങളുടെ സംഗ്രഹം കൂടി ചേര്‍ത്താകും തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍
ചോദ്യം ചെയ്യലിന്റെ 80 ശതമാനം പൂര്‍ത്തിയാകുമ്പോള്‍ ബിഷപ് കുറ്റക്കാരനെന്ന നിലപാടിലാണ് അന്വേഷണ സംഘമെന്നാണ് അറിയുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അറസ്റ്റ് ഒഴിവാക്കണമെന്ന അഭ്യര്‍ഥന ബിഷപ്പിന്റെ അഭിഭാഷകര്‍ മുന്നോട്ടുവച്ചട്ടുണ്ട്. എന്നാല്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

pathram:
Related Post
Leave a Comment