സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കുഴഞ്ഞ് വീണ നടന്‍ മരിച്ചു

തൃശൂര്‍: സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിനിടെ കുഴഞ്ഞ് വീണ നടന്‍ കുഞ്ഞുമുഹമ്മദ്(കുഞ്ഞിക്ക-68) അന്തരിച്ചു. സിനിമാ ഷൂട്ടിംഗിനിടെ സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ എറണാകുളത്തുവച്ചായിരുന്നു സംഭവം. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടായിരുന്നു മരണം സംഭവിച്ചത്.

നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യനും ശാരദയും നായികനായകന്‍മാരായി അഭിനയിച്ച ഇണപ്രാവുകള്‍ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ബോയി ആയാണ് കുഞ്ഞുമുഹമ്മദ് സിനിമാരംഗത്ത് എത്തുന്നത്. മതിലകത്തെ ഹമീദ് കാക്കശേരിയാണ് കുഞ്ഞിക്കയെ സിനിമാമേഖലയിലേക്കു കൊണ്ടുവന്നത്. കമലിന്റെ പ്രാദേശിക വാര്‍ത്തകളില്‍ അഭിനയിച്ച കുഞ്ഞിക്ക പിന്നീട് കമലിന്റെ എല്ലാ ചിത്രങ്ങളിലും ചെറിയ വേഷങ്ങള്‍ ചെയ്തു.

സംവിധായകരായ അക്കു അക്ബര്‍, ആഷിക് അബു, കമലിന്റെ മകനായ ജനൂസ് മുഹമ്മദ് എന്നിവരുടെ സിനിമകളിലും വേഷമിട്ടു.

പരേതനായ ചുള്ളിപ്പറമ്പില്‍ അമ്മു സാഹിബിന്റെ മകനാണ്. സിനിമ രംഗത്തെ പ്രമുഖര്‍ ആശുപത്രിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ഫെഫ്ക ഡയറക്ടര്‍സ് യൂണിയന്‍ അനുശോചനം രേഖപ്പെടുത്തി.

pathram desk 1:
Related Post
Leave a Comment