തിരുവനന്തപുരം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യസ്ത്രീയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജിനെതിരെ വന്‍ പ്രതിഷേധം. പീഡനത്തിന് ഇരയായ സ്ത്രീയെ വീണ്ടും മുറിപ്പെടുത്തുന്നതാണ് ജോര്‍ജിന്റെ വാക്കുകളെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നു. ദേശീയ മാധ്യമങ്ങള്‍ അടക്കം പി.സി.ജോര്‍ജിന്റെ പരാമര്‍ശം വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.
ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ പി.സി.ജോര്‍ജിനെതിരെ ക്യാംപെയിന്‍ ആരംഭിച്ചു. #വായ മൂടെടാ പിസി ജോര്‍ജെ എന്ന ഹാഷ്ടാഗോടെയാണ് ക്യാംപെയിന്‍ പ്രചരിക്കുന്നത്. ഇതിന്റെ ഭാഗമായി വായ മൂടാനായി പി.സി.ജോര്‍ജിന്റെ വീട്ടിലെ മേല്‍വിലാസത്തില്‍ സെല്ലോടേപ്പ് അയച്ചാണ് പ്രതിഷേധം നടക്കുന്നത്. പിസിയുടെ ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് സെല്ലോടേപ്പ് പാഴ്‌സലായി അയച്ച് ഇതിന്റെ ചിത്രങ്ങള്‍ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പരാമര്‍ശത്തില്‍ എംഎല്‍എയോട് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്ഷേപകരവും അപമാനകരവുമായ ജോര്‍ജിന്റെ പ്രസ്താവനയില്‍ കമ്മിഷന്‍ അപലപിക്കുന്നതായും അറിയിച്ചു. സെപ്റ്റംബര്‍ 20 ന് ഡല്‍ഹിയിലെ കമ്മിഷന്റെ ഓഫിസില്‍ 11.30 ന് നേരിട്ട് ഹാജരായി പരാമര്‍ശത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് എംഎല്‍എയ്ക്ക് നോട്ടീസും അയച്ചിട്ടുണ്ട്.
ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ നേരത്തെ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളെ സഹായിക്കുന്നതിനുപകരം എംഎല്‍എമാര്‍ ഇത്തരം മോശം പ്രസ്താവന നടത്തുന്നതില്‍ ലജ്ജ തോന്നുന്നു. സംഭവം വനിതാ കമ്മിഷന്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ജോര്‍ജിനോട് കമ്മിഷനു മുന്‍പാകെ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിലാണ് പി.സി.ജോര്‍ജ് കന്യാസ്ത്രീയെ മോശം വാക്കുകളുപയോഗിച്ച് അപമാനിച്ചത്. ജലന്ധര്‍ ബിഷപ് തെറ്റുകാരനാണെന്ന് താന്‍ കരുതുന്നില്ലെന്നും പീഡനത്തിന് ഇരയായി 13-ാം തവണ പരാതി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് ജോര്‍ജ് പറഞ്ഞിരുന്നു.
Leave a Comment