മുംബൈയില്‍ നടന്ന ഒരു ചടങ്ങിനിടയില്‍ ദേശീയ ഗാനം കേട്ട് നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കുന്ന ഐശ്വര്യാ റായുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ദേശീയഗാനം കേള്‍ക്കുന്നതിനിടയില്‍ വികാരഭരിതയായി, നിറഞ്ഞ കണ്ണുകള്‍ ഒപ്പുന്ന ഐശ്വര്യാറായിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി മുംബൈയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയ്ക്കിടെയാണ് ലോകസുന്ദരി ദേശീയഗാനം കേട്ട് വികാരഭരിതയായത്. ഷബ്ന ആസ്മി, സോനു നിഗം, റോണിത് റോയി, ജൂഹി ചൗള എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പരിപാടിയുടെ ചീഫ് ഗസ്റ്റായിരുന്നു ഐശ്വര്യ.
”സ്ത്രീകള്‍ സാമ്പത്തിക പുരോഗതി നേടുക എന്നത് രാജ്യത്തിന്റെ അജണ്ടയായി മാറണം. ഈ എക്സിബിഷനെ പിന്തുണയ്ക്കുന്നതുവഴി ഞാന്‍ സ്ത്രീകളുടെ സാമ്പത്തിക പുരോഗതിയെ കൂടി പിന്തുണയ്ക്കുകയാണ്. പുതിയ കാലത്തിന്റെ സ്ത്രീകളെ പ്രതിനിധീകരിച്ച് ഈ ചടങ്ങില്‍ മുഖ്യാതിഥിയായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വനിതാ സംരഭകരുടെ കൂട്ടായ്മകള്‍ കരുത്തു പ്രാപിക്കുന്ന കാഴ്ച പ്രതീക്ഷയേകുന്നതിനൊപ്പം അഭിമാനവും സമ്മാനിക്കുന്നുണ്ട്”, ചടങ്ങില്‍ ഐശ്വര്യ പറഞ്ഞു.
ദേശീയ ഗാനത്തിന് ശേഷം അവിടെ കൂടിയിരുന്നവരോട് ‘ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്നും; ഐശ്വര്യ ആംഗ്യഭാഷയില്‍ പറഞ്ഞു.
‘ഫാന്നെ ഖാന്’ ആയിരുന്നു അവസാനം തിയേറ്ററിലെത്തിയ ഐശ്വര്യ റായ് ചിത്രം. രാജ്കുമാര് റാവു, അനില്‍ കപൂര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ ഐശ്വര്യയുടെ സഹതാരങ്ങള്‍. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഭര്‍ത്താവ് അഭിഷേക് ബച്ചനൊപ്പം അഭിനയിക്കുന്ന അനുരാഗ് കശ്യപിന്റെ ‘ഗുലാബ് ജാമൂന്’ ആണ് ഐശ്വര്യയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം.
Leave a Comment