സ്‌പേസ് സ്യൂട്ട് പുറത്തിറക്കി ഐഎസ്ആര്‍ഒ; നിര്‍മാണം തിരുവനന്തപുരത്ത്

ബഹിരാകാശത്ത് പോകുമ്പോള്‍ യാത്രികര്‍ക്ക് ധരിക്കാനുള്ള ബഹിരാകാശ വസ്ത്രം (സ്പെയിസ് സ്യൂട്ട് ) ഐഎസ്ആര്‍ഒ പുറത്തിറക്കി. 2022 ല്‍ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യന്‍ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. രണ്ട് വര്‍ഷമായി തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പെയിസ് സെന്ററില്‍ ഇതിനായുള്ള പരീക്ഷണങ്ങള്‍ നടന്നു വരികയായിരുന്നു. ഓറഞ്ച് നിറത്തിലുള്ള ഈ സ്യൂട്ട് ഓക്സിജന്‍ സിലിണ്ടര്‍ ഉള്‍കൊള്ളാന്‍ കഴിയുന്നതാണ്. ബംഗളൂരുവില്‍ നടക്കുന്ന ബഹിരാകാശ പ്രദര്‍ശനത്തിന്റെ ആറാം പതിപ്പിലാണ് ഈ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

നിലവില്‍ രണ്ട് സ്യൂട്ടാണ് ഐഎസ്ആര്‍ഒ നിര്‍മിച്ചിട്ടുള്ളത്. ഇനി ഒന്ന് കൂടെ നിര്‍മിക്കും. 2022ല്‍ മൂന്ന് യാത്രികരെയാണ് ഇന്ത്യന്‍ നിര്‍മിത വാഹനത്തില്‍ ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്നത്. യാത്രയില്‍ ബഹിരാകാശ യാത്രികര്‍ക്ക് ഇരിക്കാനുള്ള ക്രൂ മോഡലും അപകട സമയത്ത് ഉപയോഗിക്കാനുള്ള ക്രൂ എസ്‌കേപ്പ് മോഡലും ഇതിനോടൊന്നിച്ച് ഐഎസ്ആര്‍ഒ പുറത്തിറക്കിയിട്ടുണ്ട്. ക്രൂ മോഡലിന്റെ ഒരു മാതൃക ഐഎസ്ആര്‍ഒ നേരത്തെ വിജയകരമായി പരീക്ഷിച്ചിരുന്നു.

ബഹിരാകാശ യാത്രയില്‍ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ മൂന്ന് യാത്രികര്‍ക്ക് ഈ ക്രൂ മോഡല്‍ ക്യാപ്സുളില്‍ താമസിക്കാന്‍ പറ്റും. ഓരോ 1.5 മണിക്കൂറിലും ഈ ക്യാപ്സ്യൂള്‍ ഭൂമിക്ക് ചുറ്റും വലംവെക്കും. ഈ സമയങ്ങളില്‍ യാത്രികര്‍ക്ക് സൂര്യോദയവും, അസ്തമനവും അതിന്റെ പൂര്‍ണതയില്‍ കാണാന്‍ സാധിക്കും. അതോടൊപ്പം യാത്രികര്‍ക്ക് ബഹിരാകാശത്തിരുന്ന് ഓരോ 24 മണിക്കൂറിലും 2 തവണ ഇന്ത്യയെ കാണാന്‍ കഴിയും. ഈ സമയത്ത് അവര്‍ സൂക്ഷ്മ ഗുരുത്വാകര്‍ഷണത്തില്‍ പരീക്ഷണങ്ങള്‍ നടത്തും. ബഹിരാകാശ യാത്രികരുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും ബഹിരാകാശത്തെ ചികിത്സയിലും യാത്രാ സമയത്ത് വ്യക്തി ശുചിത്വം പാലിക്കുന്നതിലുമെല്ലാം ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസി ന്റെ സഹായം ഐഎസ്ആര്‍ഒ സ്വീകരിക്കും.

വാഹനം പുറപ്പെട്ട് ഭ്രമണപഥത്തില്‍ എത്താന്‍ 16 മിനിട്ടും തിരിച്ച് ഭൂമിയില്‍ എത്താന്‍ 36 മിനിട്ടും എടുക്കും. യാത്ര അവസാനിപ്പിച്ച് അറബിക്കടലിലെ ഗുജറാത്ത് അതിര്‍ത്തിയില്‍ ക്യാപ്സുള്‍ പതിക്കും. അവിടെ ബഹിരാകാശ യാത്രികരെ വീണ്ടെടുക്കാനായി ഇന്ത്യന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും തയ്യാറായി നില്‍ക്കുന്നുണ്ടാവും.

pathram:
Leave a Comment