പി.കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; നടപടി മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ വ്യക്തമാക്കി. എംഎല്‍എയ്ക്കതിരെ സിപിഐഎമ്മിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ആദ്യം പാര്‍ട്ടി രഹസ്യമായി സൂക്ഷിച്ച വിവരം വാര്‍ത്തയായി മാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നതും.

സംഭവത്തില്‍ കേസെടുത്തതോടെ യുവതിയുടെയും എംഎല്‍എയുടെയും മൊഴി രേഖപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ ദേശീയ വനിതാ കമ്മീഷന്‍ പരിഗണിക്കുന്നുണ്ട്. ഇതിനായി കമ്മീഷന്‍ കേരളത്തിലേക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരാതി ഇല്ലാത്തത് കൊണ്ട് എംഎല്‍എയ്ക്കതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്‍ പറഞ്ഞത്. അതേസമയം പരാതി ഇല്ലെങ്കിലും പി കെ ശശിക്കെതിരെ കേസെടുത്തതായി ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചതോടെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നിലപാടിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

പാര്‍ട്ടിയും വനിതാകമ്മീഷനും രണ്ടും രണ്ടാണ്. യുവതി പരാതി കമ്മീഷന് നേരിട്ട് നല്‍കിയിട്ടില്ല. ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചാല്‍ കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നുമായിരുന്നു ജോസഫൈന്‍ പറഞ്ഞത്. പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പൊലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ജോസഫൈന്‍ പറഞ്ഞു. ഇപ്പോഴും ആരാണ് പരാതിക്കാരിയെന്ന് കമ്മീഷന് അറിയില്ല. അതിനാല്‍ തന്നെ സ്വമേധയാ കേസെടുക്കാനാവില്ലെന്നുമായിരുന്നു ജോസഫൈന്റെ നിലപാട്.

മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. എംഎല്‍എക്കെതിരായ പരാതി ഒതുക്കാന്‍ ശ്രമം നടക്കുന്നതായും പരാതിയിലുണ്ട്. തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്ഐയില്‍ ഉന്നത സ്ഥാനവും വാഗ്ധാനം ചെയ്തുവെന്നു പരാതിക്കാരി വ്യക്തമാക്കി. സിപിഐഎം നേതൃത്വത്തിനു നല്‍കിയ പരാതിയിലാണ് ഇക്കാര്യമുള്ളത്.

എംഎല്‍എ ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞിട്ടുണ്ട്. ഇതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം യുവതി നല്‍കി. പാലക്കാട് ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് യെച്ചൂരിയെ സമീപിച്ചത്. ജില്ലാ കമ്മറ്റിയിലുള്ളവര്‍ക്ക് പരാതി നല്‍കിയപ്പോള്‍ എംഎല്‍എയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഉപദേശിച്ചുവെന്നും യുവതി ആരോപിക്കുന്നുണ്ട്. വളരെ ലാഘവത്തോടെയാണ് എംഎല്‍എയ്ക്കെതിരായ പരാതി കൈകാര്യം ചെയ്തതെന്നും പരാതിക്കാരി ആരോപിച്ചു.

pathram desk 1:
Related Post
Leave a Comment