ന്യൂഡല്‍ഹി: നാല് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ. തൊടുപുഴ അല്‍ അസര്‍, വയനാട് ഡി.എം, പാലക്കാട് പി.കെ ദാസ്, വര്‍ക്കല എസ്.ആര്‍ കോളജുകളുടെ പ്രവേശനത്തിനാണ് പരമോന്നത കോടതിയുടെ വിലക്ക് വീണിരിക്കുന്നത്. പ്രവേശനം നേടുന്നവര്‍ക്ക് പുറത്തുപോകേണ്ട സാഹചര്യമുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി വിധി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി അനുമതി വാങ്ങി ഈ നാല് കോളജുകളും പ്രവേശന നടപടികള്‍ തുടങ്ങിയിരുന്നു. 550 സീറ്റുകളിലേക്കുള്ള പ്രവേശന നടപടികളാണ് ഈ കോളജുകള്‍ ഇന്നലെ മുതല്‍ ആരംഭിച്ചത്. ഇത് ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസ് അടിയന്തരമായി ഇന്നുതന്നെ എടുക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. എന്നാല്‍ മറ്റ് കേസുകളുടെ നടപടി ക്രമങ്ങള്‍ നീണ്ടതോടെ ഈ കേസ് പരിഗണിക്കാന്‍ കോടതിക്ക് സാധിക്കാതെ വന്നു. എന്നാല്‍ കോടതി നടപടികള്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് കേസ് അടിയന്തരമായി കേള്‍ക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കേസ് നാളെ പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ പ്രവേശന നടപടികള്‍ക്ക് നാളെ വരെയാണ് കോടതി സ്റ്റേ നല്‍കിയിരിക്കുന്നത്.
നേരത്തെ അടിസ്ഥാന സൗകര്യങ്ങളില്ല എന്ന് ചൂണ്ടിക്കാട്ടി ഈ കോളജുകളിലെ പ്രവേശന നടപടികള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് നാല് കോളജുകളും ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.
Leave a Comment