ന്യൂഡല്‍ഹി: നാല് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ. തൊടുപുഴ അല്‍ അസര്‍, വയനാട് ഡി.എം, പാലക്കാട് പി.കെ ദാസ്, വര്‍ക്കല എസ്.ആര്‍ എന്നീ കോളജുകള്‍ക്കാണു സ്റ്റേ ബാധകമാകുക. ഇവിടങ്ങളിലേക്കു പ്രവേശത്തിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി അംഗീകരിക്കാനാകില്ലെന്നു സുപ്രീം കോടതി അറിയിച്ചു. പ്രവേശനം നേടുന്നവര്‍ക്കു പുറത്തുപോകേണ്ട സാഹചര്യമുണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.
നാല് മെഡിക്കല്‍ കോളേജുകളിലുമായി 550 സീറ്റുകളാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടത്തിയ മോപ് അപ് കൗണ്‍സിലിങ്ങില്‍ ഭൂരിഭാഗം സീറ്റുകളിലേക്കും പ്രവേശനം പൂര്‍ത്തിയായിരുന്നു. ഇത്തരത്തില്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളെയും ബാധിക്കുന്ന തീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ മെഡിക്കല്‍ കോളേജുകളിലേക്ക് പ്രവേശനം നടത്താനാവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പ്രവേശനം സ്റ്റേ ചെയ്തത്.
നാല് കോളേജുകള്‍ക്കും ചട്ടപ്രകാരമുള്ള അടിസ്ഥാന സൗകര്യമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോളേജുകള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്നു. കോളേജുകള്‍ ഹൈക്കോടതിയെ സമീപിച്ച് കഴിഞ്ഞമാസം 30 ന് പ്രവേശനത്തിന് അനുകൂലമായ അനുമതി തേടുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടന്ന മോപ് അപ് കൗണ്‍സിലിങ്ങില്‍ പങ്കെടുത്ത് പ്രവേശനം നടത്തിയത്.
Leave a Comment