പ്രളയം ബാധിച്ചവര്‍ക്ക് വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിച്ച് ബാങ്കുകള്‍; ചെയ്യേണ്ടത് ഇതാണ്..

തിരുവനന്തപുരം: പ്രളയദുരിതം നേരിട്ടവര്‍ക്കു വായ്പ തിരിച്ചടവിനു സാവകാശം ലഭിക്കും. ഈ മേഖലകളിലെ വായ്പകള്‍ക്കു മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ കേരളമൊട്ടാകെ പ്രളയബാധിതമായി പ്രഖ്യാപിക്കണമെന്ന നിബന്ധന ബാങ്കുകള്‍ പിന്‍വലിച്ചു. പ്രളയബാധിതരെന്നു സര്‍ക്കാര്‍ നിശ്ചയിക്കുന്നവരുടെ വായ്പകള്‍ക്കു മൊറട്ടോറിയം നല്‍കാമെന്ന് ചീഫ് സെക്രട്ടറിയുമായുള്ള ചര്‍ച്ചയില്‍ ബാങ്കുകള്‍ സമ്മതിച്ചു.
സര്‍ക്കാരിന്റെ ഈ നിലപാടു ചീഫ് സെക്രട്ടറി ബാങ്കേഴ്‌സ് സമിതിയെ അറിയിച്ചതിനു പിന്നാലെയാണു ബാങ്കുകള്‍ നിലപാടു മാറ്റിയത്. ദുരിതം ഇല്ലാത്ത സ്ഥലത്ത് ഉണ്ടെന്നുപറയുന്നതു സര്‍ക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന ചീഫ് സെക്രട്ടറിയുടെ വാദം ബാങ്കുകള്‍ അംഗീകരിച്ചു. പ്രളയബാധിതനാണെന്നു തെളിയിക്കുന്ന സര്‍ക്കാര്‍ രേഖ അര്‍ഹതയുള്ളയാള്‍ ഹാജരാക്കുന്നതിനാല്‍ ബാങ്കുകള്‍ക്കു ബുദ്ധിമുട്ടുണ്ടാവില്ല. ചില പ്രദേശങ്ങള്‍ മാത്രം പ്രളയബാധിതമായി പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ ആര്‍ക്കെങ്കിലും വായ്പ നല്‍കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ അപ്പോള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന തീരുമാനത്തിലാണു ബാങ്കേഴ്‌സ് സമിതി.
അതേസമയം പ്രളയത്തില്‍ യന്ത്രങ്ങളും ഉല്‍പന്നങ്ങളും നശിച്ച വ്യവസായശാലകള്‍ക്കു പുതിയ വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതു ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ യോഗം വിളിച്ചിട്ടുണ്ട്. ബാങ്കേഴ്‌സ് സമിതിയിലുള്ള പ്രധാന ബാങ്കുകളെയാണു ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നത്. പുതിയ വായ്പ വേഗത്തില്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തൊക്കെ ഇടപെടലുകള്‍ വേണം എന്നറിയാനാണു യോഗം.

പ്രാഥമിക കണക്കനുസരിച്ചു വ്യവസായമേഖലയുടെ നഷ്ടം 862 കോടിയാണ്. വ്യവസായങ്ങള്‍ക്കു ഹ്രസ്വകാല വായ്പകള്‍ അനുവദിക്കണം, നിലവിലെ വായ്പകളുടെ പലിശ ഇളവു ചെയ്യണം എന്നീ ആവശ്യങ്ങളും വ്യവസായ വകുപ്പ് ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.

pathram:
Related Post
Leave a Comment