കൊച്ചി: ഏറ്റവും വലിയ ബാങ്കിങ് ശൃംഖല എന്ന ലക്ഷ്യത്തോടെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (ഐപിപിബി) ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഇന്ത്യയില്‍ ആകെ 650 ശാഖകളുമായാണ് ‘പോസ്റ്റ് ബാങ്ക്’ ആരംഭിക്കുന്നത്. കേരളത്തില്‍ 14 ശാഖകളാണുണ്ടാകുക. ഡിസംബര്‍ 31നു മുമ്പ് 1,55,000 തപാല്‍ ഓഫീസുകളിലേക്കു സാന്നിധ്യം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ബാങ്കിങ് മേഖലയുടെ ചരിത്രത്തില്‍ വഴിത്തിരിവാണ് പോസ്റ്റ് ബാങ്ക്.
ഏറ്റവും കൂടുതല്‍ ബാങ്ക് ശാഖകളുള്ള രാജ്യം എന്ന ബഹുമതിയും ഇന്ത്യയ്ക്കു കൈവരും. നിലവില്‍ 1,40,000 ബാങ്ക് ശാഖകളാണുള്ളത്. ഇത് 2,95,000 ആകും. രാജ്യത്തെ ഏതാണ്ട് എല്ലാ ഗ്രാമങ്ങളിലും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാകുമെന്നതാണു മറ്റൊരു നേട്ടം. ഇപ്പോള്‍ എല്ലാ ബാങ്കുകള്‍ക്കുമായി 49,000 മാത്രമാണു ഗ്രാമീണ ശാഖകള്‍. ഇത് 1,75,000 ആകും.
സ്വകാര്യ മേഖലയിലേതുള്‍പ്പെടെ ഏതു വാണിജ്യ ബാങ്കും വാഗ്ദാനം ചെയ്യുന്ന അത്യാധുനിക സേവനങ്ങള്‍ നല്‍കാന്‍ സജ്ജമായാണു പോസ്റ്റ് ബാങ്ക് ആരംഭിക്കുന്നത്. കൗണ്ടര്‍ സേവനങ്ങള്‍ക്കു പുറമെ ഡിജിറ്റല്‍ സേവനങ്ങളും മൊബൈല്‍ ആപ് തുടങ്ങിയ ചാനലുകളും ലഭ്യമായിരിക്കും. അക്കൗണ്ട് ഉടമകള്‍ക്കു ലഭ്യമാക്കുന്ന ‘ക്യൂആര്‍ കാര്‍ഡ്’ (ക്വിക് റെസ്പോണ്‍സ് കാര്‍ഡ്) പോസ്റ്റ് ബാങ്കിന്റെ സവിശേഷതയാണ്. അക്കൗണ്ട് നമ്പറോ പാസ്വേഡോ ഒന്നും ഓര്‍ത്തുവയ്ക്കാതെതന്നെ ബാങ്ക് ഇടപാടുകളും ഷോപ്പിങ്ങും നടത്താന്‍ സഹായിക്കുന്ന സംവിധാനമാണു ക്യൂആര്‍ കാര്‍ഡ്. ബയോമെട്രിക് കാര്‍ഡായതിനാല്‍ നഷ്ടപ്പെട്ടാലും അക്കൗണ്ടിലെ പണം സുരക്ഷിതമായിരിക്കും.
സേവനങ്ങള്‍ ഇടപാടുകാരുടെ വാതില്‍പ്പടിയില്‍ ലഭ്യമാക്കുന്നതിനായി മൂന്നു ലക്ഷത്തോളം വരുന്ന തപാല്‍ ജീവനക്കാരെയാണ് നിയോഗിക്കുന്നത്. ഫീസ് ഈടാക്കിയാണു വാതില്‍പ്പടി സേവനം. രണ്ടു വര്‍ഷത്തിനകം ബാങ്ക് ലാഭത്തിലെത്തുമെന്നാണു പ്രതീക്ഷ. വായ്പ നല്‍കില്ലെന്നതിനാല്‍ മറ്റു ബാങ്കുകള്‍ നേരിടുന്ന കിട്ടാക്കടം എന്ന പ്രശ്നം ഐപിപിബിയെ ബാധിക്കില്ല.
Leave a Comment