വോഡഫോണും ഐഡിയയും ഇനി ഒന്ന്..! ലയനം പൂര്‍ത്തിയായി; 408 ദശലക്ഷത്തിലേറെ ഉപയോക്താക്കളുമായി രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കള്‍

ടെലികോം രംഗത്തെ മുന്‍നിര കമ്പനികളായ വോഡഫോണും–ഐഡിയയും തമ്മിലുള്ള ലയനം പൂര്‍ത്തിയായി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി ഇതോടെ പുതിയ കമ്പനി മാറി. 408 ദശലക്ഷത്തിലേറെ ഉപയോക്താക്കളാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്ന പുതിയ കമ്പനിക്കുള്ളത്. കുമാര്‍ മംഗലം ബിര്‍ള അധ്യക്ഷനായി ആറു സ്വതന്ത്ര ഡയറക്ടര്‍മാരുള്‍പ്പെടെ 12 ഡയറക്ടര്‍മാരുള്ള ബോര്‍ഡിനും രൂപം നല്‍കിയതായി ഇരു കമ്പനികളും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പുതിയ കമ്പനിയുടെ സിഇഒയായി ബലേഷ് ശര്‍മയെ നിയോഗിച്ചിട്ടുണ്ട്.

ഒമ്പത് ടെലികോം സര്‍ക്കിളുകളില്‍ ഒന്നാം സ്ഥാനം പുതിയ കമ്പനിക്കായിരിക്കും. എയര്‍ടെല്ലിനെ പിന്തള്ളിയാണ് രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് മാറുന്നത്. റിലയന്‍സ് ജിയോയുടെ കടന്നു വരവോടെ ശക്തമായ മത്സരം കണ്ടു വരുന്ന ടെലികോം മേഖലയില്‍ കൂടുതല്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ലയനം കരുത്തു പകരും. 32.2 ശതമാനമാണ് കമ്പനിയുടെ വിപണി മൂല്യം.

840 ദശലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്കായി 3,40,000 ബ്രോഡ്ബാന്‍ഡ് സൈറ്റുകളുമായി വളര്‍ച്ചയുടെ പാതയിലുളള ബ്രോഡ്ബാന്‍ഡ് ശൃംഖല, 1.7 ദശലക്ഷം റീട്ടെയില്‍ സ്‌റ്റോറുകളും 15,000 ബ്രാന്‍ഡഡ് സ്‌റ്റോറുകളും ഉള്‍പ്പെട്ട വലിയ വിതരണ ശൃംഖല, 2ജി,3ജി,4ജി എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ഒരുപോലെ ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കാന്‍ ഉതകുന്ന സ്‌പെക്ട്രവും ആവശ്യത്തിനുള്ള ബ്രോഡ്ബാന്‍ഡ് വാഹകരും, 2000000 ജിഎസ്എം സൈറ്റുകളോടെയുള്ള രാജ്യത്തെ ഏറ്റവും വലിയ ശബ്ദ ശൃംഖല തുടങ്ങിയവയാണ് പുതിയ കമ്പനിയെ ശ്രദ്ധേയമാക്കുന്ന ചില ഘടകങ്ങള്‍. വോഡഫോണ്‍, ഐഡിയ ബ്രാന്‍ഡുകള്‍ നിലനില്‍ക്കും.

pathram:
Leave a Comment