കോഴിക്കോട്: മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് എലിപ്പനി പടരുന്നു പിടിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍മാത്രം 75പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ മുന്നൂറോളംപേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സതേടിയ സാഹചര്യത്തില്‍ 16 താല്‍കാലിക ചികില്‍സാകേന്ദ്രങ്ങള്‍ ഉടന്‍ തുടങ്ങും. മറ്റു ജില്ലകളിലും ഇരുന്നൂറോളംപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം സംസ്ഥാനത്ത് മൂന്ന് എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അടുത്ത ദിവസങ്ങളില്‍ നടന്ന 27 പനിമരണങ്ങള്‍ എലിപ്പനിമൂലമാണെന്ന് സംശയിക്കുന്നു.
പ്രളയ ബാധിത പ്രദേശങ്ങളില്‍ കടുത്ത പനിയുമായി ചികില്‍സ തേടുന്ന മുഴുവന്‍പേരെയും എലിപ്പനി കരുതി ചികില്‍സിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. കൃത്യമായ ചികില്‍സയിലൂടെ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്ന അസുഖമാണ് എലിപ്പനി. മലിനജലത്തില്‍ ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്‌ളിന്‍ പ്രതിരോധമരുന്ന് ഉപയോഗിക്കണമെന്നും സ്വയം ചികില്‍സ അരുതെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.
100 മില്ലിഗ്രാം വീതമുള്ള ഡോക്‌സിസൈക്‌ളിന്‍ ഗുളിക രണ്ടെണ്ണം ഒറ്റത്തവണ കഴിക്കുകയാണ് പ്രതിരോധ മാര്‍ഗം. മലിനജലത്തിലിറങ്ങുമ്പോള്‍ കയ്യുറകളും കാലുറകളും ധരിക്കുന്നതും പ്രതിരോധ മാര്‍ഗമാണ്. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍ 04952376100, 04952376063
Leave a Comment