തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പൊലീത്ത ട്രെയിനില്‍ നിന്ന് വീണ് മരിച്ചു; സംഭവം ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കൊച്ചിയിൽ

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് (80) ട്രെയിനില്‍നിന്നു വീണു മരിച്ചു. രാവിലെ അഞ്ചരയോടെ എറണാകുളം നോര്‍ത്ത് സ്റ്റേഷനും സൗത്ത് സ്റ്റേഷനും ഇടയ്ക്കുള്ള പുല്ലേപ്പടി പാലത്തിനു സമീപത്തുവച്ചായിരുന്നു അപകടം. ഗുജറാത്തില്‍നിന്നു തിരിച്ചു വരികയായിരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഇറങ്ങാനായി വാതിലിനരികെ നില്‍ക്കുകയായിരുന്നു. വാതില്‍ തട്ടിയാണ് അദ്ദേഹം പുറത്തേക്കു തെറിച്ചതെന്നാണ് നിഗമനം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍.

സഹായി അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഭാപ്രവര്‍ത്തനങ്ങളുമായി ബറോഡയിലായിരുന്ന അദ്ദേഹം നെടുമ്പാശ്ശേരിയില്‍ വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയ സാഹചര്യത്തിലാണ് ട്രെയിനില്‍ മടങ്ങാന്‍ തീരുമാനിച്ചത്.

സഭയിലെ ഏറ്റവും സീനിയര്‍ മെത്രാപ്പൊലീത്തമാരില്‍ ഒരാളാണ്. സഭയുടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും പരിപാലിക്കുന്നതിനും മേല്‍നോട്ടം വഹിച്ചു. 1985 ല്‍ ചെങ്ങന്നൂര്‍ ഭദ്രാസനം രൂപീകരിച്ചതു മുതല്‍ ഭദ്രാസനാധിപനായിരുന്നു. ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സഭാപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനായി ഏറെ പ്രയത്‌നിച്ചു.

ഓര്‍ത്തഡോക്‌സ് സഭാ ഫിനാന്‍സ് കമ്മിറ്റി പ്രസിഡന്റ്, അഖില മലങ്കര പ്രാര്‍ഥനാ യോഗം പ്രസിഡന്ര്, അഖില മലങ്കര ബാലസമാജം പ്രസിഡന്റ്, ഓര്‍ത്തഡോക്‌സ് സഭാ സിനഡ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. സഭാ പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിച്ചുവന്ന അദ്ദേഹം സഭയുടെ വിഷ്വല്‍ മീഡിയ കമ്യൂണിക്കേഷന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

pathram desk 1:
Leave a Comment