കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന വ്യാജേന പണപ്പിരിവ് നടത്തിയ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. മോഷണം, കഞ്ചാവ് വില്‍പ്പന ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ റിഷഭ്, സഫാന്‍, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് പിടിയിലായത്.
പൊലീസ് മൈതാനത്ത് ‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക’ എന്നെഴുതി ഒട്ടിച്ച ബക്കറ്റുമായിട്ടായിരുന്നു മൂന്നംഗ സംഘം പിരിവ് നടത്തിയത്. സംശയം തോന്നിയ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തിയതും യുവാക്കള്‍ ഓടാന്‍ ശ്രമിച്ചെങ്കിലും പിടിയിലായി. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. 3500 ഓളം രൂപ ഇവരുടെ പക്കല്‍നിന്നും കണ്ടെടുത്തു.
ബാറില്‍ മദ്യപിച്ചുകൊണ്ടിരിക്കെയാണ് ബക്കറ്റ് പിരിവ് നടത്തി പണം തട്ടാനുളള ആശയം യുവാക്കള്‍ക്ക് തോന്നിയതെന്ന് എസ്‌ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു. തിരക്കേറിയ സ്ഥലമാണ് ഇതിനായി പ്രതികള്‍ തിരഞ്ഞെടുത്തത്. സമാന രീതിയില്‍ തട്ടിപ്പുകള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നെല്ലിയാമ്പതിയിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ച ലോറി ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്. അയിലൂര്‍ എടപ്പാടം സ്വദേശി ദിനേശിനെ നെന്മാറ പൊലീസാണ് അറസ്റ്റു ചെയ്തത്. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന നെന്മാറ സ്‌കൂളില്‍ നിന്ന് ലോറിയില്‍ കയറ്റി വച്ചിരുന്ന 44 ചാക്ക് സാധനങ്ങളാണ് കാണാതായത്.
Leave a Comment