നിങ്ങള്‍ വീഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിച്ചേക്കല്ലേ, മൂപ്പര് അപ്പോ ബന്ധം ഒഴിയും.. .. സോഷ്യല്‍ മീഡിയയില്‍ താരമായി ശാന്തകുമാരി മുത്തശ്ശി

പ്രളയത്തില്‍ നിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഇപ്പോള്‍ ഹിറ്റായിരിക്കുന്നത് ഒരു മുത്തശ്ശിയാണ്. വയനാട്ടിലെ ശാന്തകുമാരി എന്ന മുത്തശ്ശിയാണ് തന്റെ സമ്പാദ്യം ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്‍കിയത്.

ബാങ്കില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ പിന്‍വലിച്ച് ആ തുകയ്ക്ക് ദുരിതാശ്വാസ ക്യാമ്പിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങിയാണ് അവര്‍ വയനാട് കളക്ട്രേറ്റിന് മുന്നില്‍ എത്തിയത്. കല്‍പ്പറ്റ എമിലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഈ മുത്തശ്ശി പക്ഷേ ഇപ്പോള്‍ തരംഗമാവുന്നത് അവരുടെ സഹായ മനസ് കൊണ്ട് മാത്രമല്ല ഒരു അടിപൊളി ഡയലോഗിലൂടെയാണ്.

കലക്ഷന്‍ പോയിന്റില്‍ എത്തിയ മുത്തശ്ശിയുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തുന്നവരെ നോക്കിയായിരുന്നു മുത്തശ്ശിയുടെ ഡയലോഗ് ‘അതേ നിങ്ങള്‍ വീഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിച്ചേക്കല്ലേ, മൂപ്പര് അപ്പോ ബന്ധം ഒഴിയും.. എന്റെ സൗന്ദര്യം കണ്ടിട്ടേ.. എന്നായിരുന്നു മുത്തശ്ശി കാച്ചിയത്.

മുത്തശ്ശിയുടെ ഡയലോഗില്‍ ക്യാമ്പിലുള്ള ആളുകള്‍ ചിരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. മൂന്ന് വര്‍ഷം മുന്‍പാണ് ശാന്തകുമാരിയുടെ ഭര്‍ത്താവ് മരിച്ചത്. അതിന് ശേഷം അവര്‍ വാടക വീട്ടില്‍ കഴിയുകയാണ്. ഇടയ്ക്ക് കുളിമുറിയില്‍ വീണ് കൈക്ക് പരിക്കേറ്റിട്ടുണ്ട്. ആ പരിക്കേറ്റ് കെട്ടിയ കൈയ്യും വെച്ചാണ് അവര്‍ ക്യാമ്പിലെത്തിയത്.

എന്നാല്‍ ദുരന്തപ്പെട്ടവരെ ഓര്‍ക്കുമ്പോള്‍ തന്റെ വേദനയൊന്നും ഒന്നുമല്ലെന്നാണ് അവര്‍ പറയുന്നത്. എന്തായാലും മുത്തശ്ശിയുടെ വീഡിയോ ഇപ്പോള്‍ വന്‍ ഹിറ്റാണ്. ഈ ഊര്‍ജ്ജം പകരുന്ന വാക്കുകളും ആ മുഖത്തെ ചിരിയുമെല്ലാം പിന്നെ എങ്ങനെ ഹിറ്റാവാതിരിക്കാനാ അല്ലേ.

pathram desk 1:
Related Post
Leave a Comment