കോയമ്പത്തൂര്‍: മദ്യപിച്ചു വാഹനമോടിച്ച യുവാവിന് വ്യത്യസ്തമായ ശിക്ഷ വിധിച്ച് ട്രാഫിക് കോടതി. യുവാവ് പത്ത് ദിവസത്തോളം ഗതാഗതം നിയന്ത്രിക്കുന്ന ജോലി ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കല്‍വീരംപാളയം വിജയനഗറില്‍ ജെ സുദര്‍ശ(28)നെയാണ് കോടതി ‘ട്രാഫിക്ക് പോലീസാ’ക്കിയത്.
കോയമ്പത്തൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കില്‍ മദ്യപിച്ചെത്തിയ സുദര്‍ശനെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഇയാള്‍ പോലീസുമായി വാക്കുതര്‍ക്കമുണ്ടായി. പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
പോലീസിന്റെ ജോലി തടസപ്പെടുത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. തുടര്‍ന്ന് ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിനെ സഹായിക്കാന്‍ ട്രാഫിക് കോടതി ഇയാളോട് ഉത്തരവിടുകയായിരുന്നു. പത്തുദിവസം രാവിലെ 8.30 മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഇയാളുടെ ‘ഡ്യൂട്ടി’ സമയം.
Leave a Comment