പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് യു.എ.ഇയുടെ 700 കോടി രൂപയുടെ സഹായം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. യുഎഇ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പഖഞ്ഞു. യു.എ.ഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും പിണറായി കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ കണ്ടപ്പോളാണ് അവര്‍ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പല കുടുംബങ്ങളുടെയും രണ്ടാം വീടാണ് ഗള്‍ഫ്. അവിടെയുള്ള മലയാളികളും ആ നിലയില്‍ തന്നെയാണ് കാണുന്നത്. ഏതാനും ജോലിക്കാര്‍ മാത്രമല്ല അവര്‍. ഗള്‍ഫിലുള്ള ജനസംഖ്യയും വീടുകളുമെടുത്താല്‍ പല വീടുകളുമായി പോലും ഒരു മലയാളി ബന്ധമുണ്ടാകും. മലയാളി ടച്ച് എല്ലാ കാര്യത്തിലുമുണ്ടാകും. ഈ ദുരിതത്തില്‍ നമ്മളെ പോലെ തന്നെ വികാരം ഉള്‍ക്കൊള്ളുന്നവരാണ് ഗള്‍ഫിലുള്ള ആളുകള്‍. യുഎഇ സര്‍ക്കാര്‍ വിഷമത്തിലും സങ്കടത്തിലും സഹായിക്കാന്‍ തയ്യാറായിട്ടുണ്ട്.

അത് നമ്മുടെ പ്രധാനമന്ത്രിയുടെ അടുത്ത് യുഎഇ കിരീടാവകാശി സംസാരിച്ചിട്ടുണ്ട്. അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡര്‍ ഓഫ് യുഎഇ ആംമ്ഡ് ഫോഴ്സസുമായ ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ സഹായിക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടെ അടുത്ത് സംസാരിച്ചിട്ടുണ്ട്. സഹായമായി അവര്‍ നിശ്ചയിട്ടുള്ളത് 100 മില്യണ്‍ ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ 700 കോടി രൂപയുടെ സഹായമാണ് അവര്‍ നല്‍കുക.

നമ്മുടെ വിഷമം മനസ്സിലാക്കിയുള്ള സഹായധനമാണ്. ഇത്തരമൊരു ഫണ്ട് നല്‍കാന്‍ തയ്യാറായ യുഎഇയുടെ പ്രസിഡന്റ് ശൈഖ് ഖലിഫ ബിന്‍ സയ്ദ് അല്‍ നഹ്യാന്‍ അതേ പോലെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇവരോടെല്ലാമുള്ള കൃതജ്ഞത ഈ സര്‍ക്കാരിനോടുള്ള കൃതജ്ഞത ഈ ഘട്ടത്തില്‍ മലയാളികള്‍ക്ക് വേണ്ടിയും നമ്മുടെ നാടിന് വേണ്ടിയും രേഖപ്പെടുത്തട്ടെ.

ഇന്ന് കാലത്ത് പെരുന്നാള്‍ ആശംസ അറിയിക്കാന്‍ യുഎഇ കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ നമ്മുടെ കേരളീയനായ യൂസഫലി കണ്ട് സംസാരിച്ചപ്പോഴാണ് അദ്ദേഹത്തോടാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പ്രധാനമന്ത്രിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അറിയിച്ചു. സഹായ വാഗ്ദാനം നമുക്ക് നല്ല കരുത്ത് പകരുന്ന ഒന്നാണ്. ലോക സമൂഹം ഒന്നടങ്കമുണ്ട് എന്ന കരുത്തും നമുക്ക് ലഭിക്കുന്നുണ്ട് മുഖ്യമന്ത്രി പറഞ്ഞു.

pathram desk 1:
Related Post
Leave a Comment