രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് വിട്ടുനല്‍കാതിരുന്ന നാലു ബോട്ടുടമകള്‍ അറസ്റ്റില്‍; ബോട്ടുഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. മന്ത്രി ജി.സുധാകരന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ്. രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാനും മന്ത്രി നിര്‍ദേശിച്ചു.

ലേക്ക്സ് ആന്‍ഡ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്‍ഗീസ് സോണി എന്നിവരെയാണ് ഇതിനകം അറസ്റ്റു ചെയ്തത്. തേജസ് ഉടമ സിബിയെക്കൂടി ഉടന്‍ അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. ബോട്ട് ഡ്രൈവര്‍മാരില്‍ പലരും അനധികൃതമായി ലൈസന്‍സ് വാങ്ങിയതാണെന്ന പരാതി അടിയന്തരമായി പരിശോധിക്കാന്‍ പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചെങ്ങന്നൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി അറിയിച്ചു. ഇനിയും കുടുങ്ങി കിടക്കുന്നവരെ ഇന്ന് രക്ഷപെടുത്തും. സുരക്ഷാ പ്രവര്‍ത്തകര്‍ എത്തിയിട്ടും ആളുകള്‍ കൂടെ വരാന്‍ തയ്യാറാകാതിരിക്കരുത്. കക്കി ഡാം തുറന്നത് മൂലം കിഴക്കന്‍ ഭാഗങ്ങളായ വെണ്‍മണി, ചെറിയനാട്, ആല തുടങ്ങിയ സ്ഥലങ്ങളില്‍ ചെറിയ തോതില്‍ വെള്ളമുയരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രളയകാലത്ത് സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നത് ആരായാലും അറസ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

ജില്ലയിലെ മെഡിക്കല്‍ ക്യാമ്പുകള്‍ ശക്തിപെടുത്തും, എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കും അമ്പലപ്പുഴ താലൂക്കില്‍ നിന്ന് 560 ഓളം മത്സ്യതൊഴിലാളികളുടെ പ്രവര്‍ത്തനം വിലമതിക്കാനാകാത്തതാണ്. 10 സ്പീഡ് ബോട്ടുകള്‍ കൂടി ആവശ്യമുണ്ട്. കോവളം, നീണ്ടകര, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ സ്പീഡ് ബോട്ടുകള്‍ എത്തിക്കുവാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇനിയും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാനുള്ള പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെറിയനാട്, മംഗലം എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഇന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ആലപ്പുഴ ജില്ലയ്ക്കായി 9 ഹെലികോപ്റ്ററുകളും 15 നേവി പട്ടാള ബോട്ടുകളും, 280 മിലിറ്ററി സേനകളും പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 2,00660 ആളുകളാണ് ആലപ്പുഴ ജില്ലയിലാകെ ക്യാമ്പില്‍ കഴിയുന്നത്.

pathram desk 1:
Related Post
Leave a Comment