‘ഓരോ ഡല്‍ഹി സ്വദേശിയും കേരളത്തിനൊപ്പം’ കേരളത്തെ സഹായിക്കാന്‍ പത്രപരസ്യം നല്‍കി ആം ആദ്മി സര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. കേരളത്തിന് സാമ്പത്തിക സഹായവും ദുരിതാശ്വാസ സാമഗ്രികളും നല്‍കണമെന്നാവശ്യപ്പെട്ട് പത്രത്തില്‍ സര്‍ക്കാര്‍ തന്നെ പരസ്യം നല്‍കിയിട്ടുണ്ട്.

ഓരോ ഡല്‍ഹി സ്വദേശിയും കേരളത്തിനൊപ്പം എന്ന തലക്കെട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. കേരളം പ്രളയത്തിനെതിരെ പോരാടുകയാണ്. കേരളത്തിലെ ഓരോ സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും നമ്മളാല്‍ കഴിയുന്ന സഹായം ഓരോരുത്തരും നല്‍കണമെന്നും പരസ്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലെ എല്ലാ എസ്.ഡി. എം ഓഫീസുകളിലും സഹായങ്ങള്‍ കൈമാറാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള അക്കൗണ്ട് നമ്പറും ഓണ്‍ലൈന്‍ ഡൊണേഷന്‍ അഡ്രസും പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്. പ്രളയത്തില്‍ ദുരിതത്തിലായ കേരളത്തിന് താങ്ങായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

ആം ആദ്മി മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം കേരളത്തിലെ ദുരന്തബാധിതര്‍ക്കായി നല്‍കാന്‍ തീരുമാനിച്ചിരുന്നു. അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററിലൂടെയായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായധനവുമായി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ രംഗത്തുവന്നുക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പഞ്ചാബിന്റെ സഹായം പ്രഖ്യാപിച്ചത്. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് 10 കോടി രൂപ ധനസഹായം നല്‍കുമെന്നു പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചിരുന്നു.

ഇതില്‍ അഞ്ചു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടു കൈമാറും. അഞ്ചു കോടി രൂപയ്ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കും. 30 ടണ്‍ ഭക്ഷ്യ വസ്തുക്കളാണ് നല്‍കുക. ഒരു ലക്ഷം ഭക്ഷണപ്പാക്കറ്റുകള്‍ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തേക്ക് എത്തും. കൂടാതെ പഞ്ചാബ് ഐ.എ. എസ് ഓഫീസര്‍മാരുടെ സംഘടന ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചു. അമരീന്ദര്‍ സിംഗിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം.

pathram desk 1:
Related Post
Leave a Comment