തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ രാവിലെ 10 മണിക്ക് ഗവര്‍ണര്‍ പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ അധാര്‍മികത ആരോപിച്ചു പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കും.
പെണ്‍കെണി വിവാദത്തില്‍ രാജിവച്ചു പോകേണ്ടിവന്ന എ.കെ.ശശീന്ദ്രന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് അതിനും മുന്‍പ് രാജിവച്ച ജയരാജന്റെ സത്യപ്രതിജ്ഞയ്ക്കുവേണ്ടി ഇന്നു രാജ്ഭവന്‍ ഒരുങ്ങുന്നത്. രണ്ടുപേര്‍ രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്തു മന്ത്രിമാരാകുന്ന അപൂര്‍വത പിണറായി മന്ത്രിസഭയ്ക്കു ലഭിക്കുന്നു.
വ്യവസായവകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ അടുത്ത ബന്ധുവിന് ജോലി നല്‍കിയതിന്റെ പേരില്‍ 2016 ഒക്ടോബര്‍ 16ന് രാജിവയ്ക്കേണ്ടിവന്ന ജയരാജന്‍ നേരത്തേ വഹിച്ചിരുന്ന വ്യവസായ- കായിക ക്ഷേമ വകുപ്പുകളോടെയാണ് മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്.
ജയരാജനെ ഉള്‍പ്പെടുത്താനായി 19 അംഗ മന്ത്രിസഭ വികസിപ്പിക്കുന്നതിന് എല്‍ഡിഎഫ് അംഗീകാരം നല്‍കി. തെറ്റുചെയ്തുവെന്നു സിപിഐഎം കണ്ടെത്തിയതിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ഒരാളെ വീണ്ടും തിരിച്ചെടുക്കുന്നത് ധാര്‍മിതകയ്ക്കു നിരക്കുന്നതല്ലെന്ന് യുഡിഎഫ് നേതൃയോഗത്തിനു ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Leave a Comment