ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം, ചോദ്യം ചെയ്യുകയാണെന്ന പൊലീസ് വാദം പൊളിഞ്ഞു; അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

ചണ്ഡീഗഢ്: ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രങ്ങള്‍ പകര്‍ത്താനും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുമായി എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അനുയായികളടക്കമുള്ളവര്‍ ആക്രമണം നടത്തിയത്. ഇവര്‍ ക്യാമറകളടക്കം തകര്‍ത്തു. വിശ്വാസികളും വൈദികരുമടങ്ങിയ സംഘമാണ് മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചത്. ചണ്ഡീഗഢിലായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് ഹൗസില്‍ തിരിച്ചെത്തിയ സമയത്താണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചത്. ജലന്ധര്‍ ബിഷപ്പ് ഹൗസ് നിലവില്‍ പഞ്ചാബ് പൊലീസിന്റെ കനത്ത സുരക്ഷാവലയത്തിലാണ്.

അതേസമയം കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നുവെന്ന കേരള പൊലീസിന്റെ വാദവും ഇതോടെ പൊളിഞ്ഞു. ബിഷപ്പ് ഹൗസില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

ദിവസങ്ങളായി കേരള പൊലീസിന്റെ പ്രത്യേക സംഘം ജലന്ധറില്‍ തമ്പടിച്ചിരിക്കുകയാണ്. ദിവസങ്ങളായി വൈദികരില്‍ നിന്ന് സംഘം മൊഴി എടുക്കുകയാണ്. ബിഷപ്പിനെതിരായ ശക്തമായ മൊഴിയും ഇതിനോടകം സംഘത്തിന് കിട്ടി. ഇടയനൊപ്പം ഒരു ദിവസം എന്ന പേരില്‍ നടത്തിയ പ്രാര്‍ത്ഥന യോഗത്തെക്കുറിച്ച് കന്യാസ്ത്രീകള്‍ പരാതി പറഞ്ഞിരുന്നതായി വൈദികര്‍ മൊഴി നല്‍കിയിട്ടുണ്ട്. ബിഷപ്പിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അന്വേഷണം വൈകുന്നുവെന്ന് കാട്ടി ചിലര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സത്യവാങ്മൂലം. സര്‍ക്കാരിന്റെ വാദം പരിഗണിച്ച് കോടതി ഹര്‍ജി തള്ളി.

pathram desk 2:
Related Post
Leave a Comment