ഡാം തുറന്നത് മുന്നറിയിപ്പില്ലാതെ; അന്വേഷിക്കുമെന്ന് ജില്ലാ കലക്റ്റര്‍; കെ.എസ്.ഇ.ബിക്കെതിരേ വില്ലേജ് ഓഫിസര്‍

കല്‍പ്പറ്റ: ഇടുക്കി ജലസംഭരണിയില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതിന് മുന്‍പായി വന്‍ സുരക്ഷാ സന്നാഹങ്ങളാണ് അധികൃതര്‍ ഒരുക്കിയത്. അതുകൊണ്ടുതന്നെ വന്‍ ദുരന്തങ്ങള്‍ ഒഴിവാകുന്നതിന് കാരണമായി. എന്നാല്‍ ഇപ്പോള്‍ വയനാട് ജില്ലയിലെ ബാണാസുരസാഗര്‍ ഡാം മുന്നറിയിപ്പില്ലാതെയാണ് തുറന്നതെന്ന ആക്ഷേപം ശക്തമാകുന്നു. മുന്നറിയിപ്പില്ലാതെ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതാണ് ജനങ്ങളെ ദുരിതത്തിലാക്കിയതെന്ന് ആരോപിച്ച് പടിഞ്ഞാറത്തറ വില്ലേജ് ഓഫിസര്‍ പിപി പ്രസാദ് പറഞ്ഞു.

എന്നാല്‍ കെ.എസ്.ഇ.ബിയുടെ ന്യായീകരണം മറിച്ചാണ്. എല്ലാവിധ അറിയിപ്പുകളും മുന്നറിയിപ്പുകളും നല്‍കിയാണ് ഷട്ടറുകള്‍ തുറന്നതെന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി. ദുരന്തനിവാരണ അതോറിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അറിയിപ്പ് നല്‍കിയിരുന്നതായും കെഎസ്ഇബി അറിയിച്ചു.

അതേസമയം ഡാം തുറന്നതുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ച അന്വേഷിക്കുമെന്ന് ജില്ലാ കലക്റ്റര്‍
അറിയിച്ചു. ബാണാസുര തുറന്നതോടെ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിനിടയിലായത്. ഏക്കര്‍ കണക്കിന് കൃഷിയിടം നശിക്കുകയും ചെയ്തു. ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇതിനിടെയാണ് ഏറ്റവുമധികം ദുരിത ബാധിതരുള്ള പടിഞ്ഞാറത്തറ വില്ലേജ് ഓഫീസര്‍ കെ.എസ്.ഇ.ബിയ്‌ക്കെതിരെ രംഗത്തെത്തിയത്. മൂന്ന് ദിവസങ്ങളിലായി ഡാമിന്റെ ഷട്ടറുകള്‍ ചരിത്രത്തിലാദ്യമായി 290 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത്. 200 സെന്റിമീറ്റര്‍.

pathram:
Leave a Comment