മന്ത്രസിദ്ധി തട്ടിയെടുക്കലല്ല; കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ വഴിത്തിരിവ്,കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍

തൊടുപുഴ: കമ്പകക്കാനത്തെ കൂട്ടക്കൊലയ്ക്കു പിന്നില്‍ മന്ത്രസിദ്ധി തട്ടിയെടുക്കലല്ല ക്വട്ടേഷനെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെക്കൂടി വെള്ളിയാഴ്ച അന്വേഷണസംഘം അറസ്റ്റുചെയ്തു. മൂവാറ്റുപുഴ വെള്ളൂര്‍കുന്നം സ്വദേശി പട്ടരുമഠത്തില്‍ സനീഷ്(30), തൊടുപുഴ ആനക്കൂട് ചാത്തന്‍മല സ്വദേശി ഇലവുങ്കല്‍ ശ്യാംപ്രസാദ്(28) എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ലിബീഷിന്റെ സുഹൃത്തുക്കളാണ് ഇരുവരും. മൃതദേഹം മറവുചെയ്യുന്നതിനു വേണ്ടി കൈയ്യുറ വാങ്ങിയത് ശ്യാംപ്രസാദും മോഷ്ടിച്ചെടുത്ത സ്വര്‍ണം പണയം വച്ചത് സനീഷുമാണ്.

ക്വട്ടേഷനുണ്ടെന്നും കമ്പകക്കാനത്തിനു ചെല്ലണമെന്നും ലിബീഷ് തന്നോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ താന്‍ പോയില്ലെന്നാണ് ശ്യാം പൊലീസിനോടു പറഞ്ഞത്. കൊലപാതകത്തിനുശേഷം ശ്യാം പ്രതികള്‍ക്കൊപ്പം മദ്യപിച്ചതായും പൊലീസ് കണ്ടെത്തി. മോഷ്ടിച്ചെടുത്ത സ്വര്‍ണം പണയം വച്ചതിനു കമ്മീഷനായി സനീഷ് ഇരുപതിനായിരം രൂപ കൈപ്പറ്റിയതായും അന്വേഷണസംഘം കണ്ടെത്തി.

മുഖ്യപ്രതികളിലൊരാളായ അനീഷിന്റെ സുഹൃത്ത് കൃഷ്ണകുമാറിന്, കൊല്ലപ്പെട്ട കൃഷ്ണനോടു പകയുണ്ടായിരുന്നു. പൂജയുടെ പേരില്‍ കൃഷ്ണന്‍ കൃഷ്ണ കുമാറില്‍ നിന്ന് രണ്ടു ലക്ഷത്തോളം രൂപ കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍ എന്തിനാണോ പൂജ നടത്തിയത് അതൊന്നും ഫലിച്ചില്ല.ഇതോടെ കൃഷ്ണകുമാറിന് കൃഷ്ണനോട് പകയുണ്ടായെന്നും അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. അതേസമയം ഇയാളെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ച അടിമാലിയിലെ മന്ത്രവാദിയും ഒളിവിലാണ്.

അനീഷിനെയും ലിബീഷിനെയും അടിമാലിയിലും കമ്പകക്കാനത്തും എത്തിച്ചു തെളിവെടുത്തു. തൊടുപുഴയിലെ സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ പണയം വച്ചിരുന്ന സ്വര്‍ണവും പൊലീസ് വീണ്ടെടുത്തു.

pathram desk 2:
Related Post
Leave a Comment