വീട് നഷ്ടപ്പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും നാലു ലക്ഷം രൂപ ധനസഹായം; വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം

വയനാട്: മഴക്കെടുതിയെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

രാവിലെ 11 മണിയോടെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടങ്ങിയ സംഘം വയനാട്ടില്‍ എത്തിയത്. വ്യോമേസനയുടെ ഹെലികോപ്ടറില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയ മുഖ്യമന്ത്രി അവിടെ നിന്ന് കാര്‍ മാര്‍ഗം ആദ്യം പോയത് മുണ്ടന്‍മുടിയിലേക്കായിരുന്നു. ഏതാണ്ട് 700 ആദിവാസികളാണ് മുണ്ടന്‍മുടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. മുഖ്യമന്ത്രിയും സംഘവും എത്തിയതോടെ ആദിവാസികള്‍ പരാതികളുടെ ഭാണ്ഡക്കെട്ട് അവര്‍ക്ക് മുന്നില്‍ അഴിച്ചു.

എല്ലാവരുടേയും പരാതികള്‍ സശ്രദ്ധം കേട്ട മുഖ്യമന്ത്രി സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ഉറപ്പ് നല്‍കി. മഴ മാറുന്നത് വരെ കാത്തിരിക്കാനും അവരോട് നിര്‍ദ്ദേശിച്ചു. ക്യാമ്പുകളില്‍ ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളും എത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോളനിയിലെ വീടുകള്‍ സന്ദര്‍ശിക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും പ്രായോഗികമല്ലെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പതിനഞ്ച് മിനിട്ടോളം ക്യാമ്പില്‍ ചെലവിട്ട ശേഷം മുഖ്യമന്ത്രിയും സംഘവും വയനാട് കളക്ടറിലേക്ക് പോയി. അവിടെ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പിന്നീട് കോഴിക്കോട്ടേക്ക് പോകും.

അതേസമയം ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരിതമാണ് അഭിമുഖീകരിക്കുന്നത്.

തകര്‍ന്ന പ്രദേശങ്ങളെ പുനര്‍നിര്‍മ്മിക്കുക ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രി ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു. ദുരിതാശ്വാസത്തിന് കര്‍ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്നാട് 5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment