ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു, അടിയന്തര സാഹചര്യം നേരിടാന്‍ സൈന്യം സജ്ജം;എറണാകുളം ജില്ലയിലെ വ്യവസായശാലകള്‍ സുരക്ഷിതമെന്ന് കലക്ടര്‍

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. ജലനിരപ്പ് 2401.62 അടിയായി. നാലുമണിക്കൂര്‍ മുന്‍പ് 2401.72 അടിയായിരുന്ന ജലനിരപ്പാണ് വെളളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ ഈ നിലയില്‍ താഴ്ന്നത്. കനത്തമഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായ പശ്ചാത്തലത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടതിന് ശേഷം തുടര്‍ച്ചയായ മണിക്കൂറുകളില്‍ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തുകയാണ്.

നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും വഴി വെളളം പുറത്തേയ്ക്ക് ഒഴുക്കുകയാണ്. ഉച്ചയോടെയാണ് മുഴുവന്‍ ഷട്ടറുകളും തുറന്നത്. എന്നിട്ടും ആദ്യമണിക്കൂറുകളില്‍ ഡാമിന്റെ ജലനിരപ്പ് താഴ്ന്നിരുന്നില്ല. ഇപ്പോള്‍ ഡാമിലേക്ക് ഒഴുകി വരുന്നതിനേക്കാള്‍ കൂടുതല്‍ വെളളം പുറത്തേയ്ക്ക് ഒഴുക്കിവിടുകയാണ്. ഘട്ടംഘട്ടമായി പുറത്തേയ്ക്ക് ഒഴുക്കി വിടുന്ന വെളളത്തിന്റെ അളവ് 8 ലക്ഷം ലിറ്ററായി ഉയര്‍ത്തിയിരിക്കുകയാണ്.

ഇതിനിടെ പെരിയാറിന്റെ തീരത്തിലുളളവര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറുതോണിയില്‍ പെരിയാറിന്റെ തീരത്തിലുളളവരെ ഒഴിപ്പിച്ചു. ചെറുതോണി പാലം വെളളത്തില്‍ മുങ്ങി. ചെറുതോണി ടൗണിലും വെളളം കയറിയിരിക്കുകയാണ്. ചെറുതോണി വഴി കട്ടപ്പനയിലേക്കുളള വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അടിയന്തര സാഹചര്യം നേരിടാന്‍ ആലുവയില്‍ കരസേനയും കോസ്റ്റ് ഗാര്‍ഡും സജ്ജമാണ്. 300 അംഗ ദുരന്തനിവാരണസംഘവും പെരിയാര്‍ തീരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയംഎറണാകുളം ജില്ലയിലെ വ്യവസായശാലകള്‍ സുരക്ഷിതമാണെന്ന് ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുളള. പെരിയാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വ്യവസായ ശാലകളുടെ സുരക്ഷ സംബന്ധിച്ച അവലോകനയോഗമാണ് വ്യവസായ ശാലകള്‍ സുരക്ഷിതമാണെന്ന് വിലയിരുത്തിയത്.പുഴയുടെ തീരത്തുളള ഏലൂര്‍ വ്യവസായ മേഖലയിലെ വ്യവസായ ശാലകളില്‍ 90% കെമിക്കലുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. രാസവസ്തുക്കള്‍ പൊതുജലാശയങ്ങളില്‍ കലരാതിരിക്കുന്നതിന് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും യോഗം വിലയിരുത്തി. ആലുവ താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടന്നത്.

pathram desk 2:
Related Post
Leave a Comment