ഇടുക്കി ജില്ലയില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി; മറ്റു ജില്ലകളിലെ അവധി ഇങ്ങനെ

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി – ചെറുതോണി ഡാം തുറക്കേണ്ടി വന്ന സാഹര്യത്തില്‍ ഇടുക്കി ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കൂടാതെ പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകളും എംആര്‍എസുകളും ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ ചില താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ട്. കണ്ണൂര്‍, എംജി, ആരോഗ്യ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റി. വിശദവിവരങ്ങള്‍ ചുവടെ.

പത്തനംതിട്ട ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വെള്ളിയാഴ്ചത്തേക്കു പ്രഖ്യാപിച്ച അവധി പ്രഫഷനല്‍ കോളജ്, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍(എംആര്‍എസ്) എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കായി കലക്ടര്‍ പരിമിതപ്പെടുത്തി. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധിയുണ്ട്. ഐടിഐകളില്‍ നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റും മാറ്റിവച്ചു.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്ക്, ഏറനാട് താലൂക്കിലെ അഞ്ച് പഞ്ചായത്തുകള്‍(എടവണ്ണ, ഊര്‍ങ്ങാട്ടിരി, അരീക്കോട്, കീഴുപറമ്പ് , പാണ്ടിക്കാട്) കൊണ്ടോട്ടി താലൂക്കിലെ നാലു പഞ്ചായത്തുകള്‍ (വാഴക്കാട്, വാഴയൂര്‍, മുതുവല്ലൂര്‍, ചീക്കോട്) എന്നിവിടങ്ങളിലെ പ്രഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്നു കലക്ടര്‍ അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും.

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെയും നാദാപുരം, കുന്നുമേല്‍, ബാലുശ്ശേരി, മുക്കം, പേരാമ്പ്ര വിദ്യാഭ്യാസ ഉപജില്ലകളിലെയും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കു അവധി ബാധകമാണ്.

എറണാകുളത്ത് കോതമംഗലം, കുന്നത്തുനാട്, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും. സ്‌റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, അംഗനവാടികള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്.
കളമശ്ശേരി നഗരസഭ, ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്.

തൃശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന മറ്റു സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്.

കണ്ണൂര്‍ സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

ആരോഗ്യ സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന അവസാന വര്‍ഷ! ബിഎസ്എംഎസ് ബിരുദ സപ്ലിമെന്ററി പരീക്ഷ ഒഴികെയുള്ള എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പ്രായോഗിക പരീക്ഷകള്‍ക്കു മാറ്റമില്ല. പുതുക്കിയ പരീക്ഷാ തീയതി പിന്നീട്.

എംജി സര്‍വകലാശാല വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നടത്താനിരുന്ന പരീക്ഷകളും ശനിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.

എറണാകുളം, ഇടുക്കി ജില്ലകളിലെ ഐടിഐകളില്‍ 10നും 11നും നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് മാറ്റിവച്ചു.

pathram:
Related Post
Leave a Comment