ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു,ഷട്ടറുകള്‍ ഉടന്‍ തുറന്നേക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

കൊച്ചി: ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉടന്‍ തുറന്നേക്കും. അരമണിക്കൂറിനുള്ളില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമെന്നാണ് വിവരം. അണക്കെട്ട് പരിസരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു.

ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇടമലയാര്‍ പദ്ധതി പ്രദേശത്തെ മഴയുടെയും നീരൊഴുക്കിന്റെയും അടിസ്ഥാനത്തില്‍ 164 ഘനമീറ്റര്‍ (ക്യൂമെക്‌സ്) ജലമാണു പെരിയാറിലേക്ക് ഒഴുക്കുക. അണക്കെട്ട് ഇതിന് മുമ്പ് തുറന്ന 2013ല്‍ 900 ഘനമീറ്റര്‍ ജലം ഒഴുക്കിയിരുന്നു. ഇടമലയാര്‍ അണക്കെട്ടിലെ പൂര്‍ണതോതിലുള്ള സംഭരണശേഷി 169 മീറ്ററാണ്. ജലനിരപ്പ് 168.20 പിന്നിട്ട സാഹചര്യത്തിലാണ് വൈദ്യുതി ബോര്‍ഡിന്റെ ഡാം സേഫ്റ്റി വിഭാഗം ചീഫ് എഞ്ചിനീയര്‍ അതിജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഈ വിവരം എറണാകുളം, തൃശൂര്‍ ജില്ലാ കലക്ടര്‍മാര്‍ക്കും കൈമാറി. ദുരന്ത നിവാരണ അതോറിറ്റി, വിവിധ വകുപ്പുകള്‍ എന്നിവയ്ക്കും അറിയിപ്പിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ‌‌ ഇടമലയാറിലെ വെള്ളം ഷട്ടര്‍ തുറന്ന് ഒരു മണിക്കൂറിനകം കുട്ടമ്പുഴയിലെത്തും. ഭൂതത്താന്‍കെട്ടില്‍ ഒന്നര മണിക്കൂറിലും പെരുമ്പാവൂര്‍, കാലടി മേഖലയില്‍ നാല് മണിക്കൂറിനകവും ജലമെത്തുമെന്നാണു വിലയിരുത്തല്‍. ആലുവ മേഖലയില്‍ ജലപ്രവാഹം എത്താന്‍ ആറു മണിക്കൂര്‍ എടുത്തേക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. മുന്നറിയിപ്പ് കണക്കിലെടുത്ത് ഇടമലയാര്‍ അണക്കെട്ടിന്റെ താഴെ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. ‌ ‌

പെരിയാറിന്റെ തീരത്തുള്ള പ്രദേശങ്ങളില്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും ആവശ്യമുള്ള പക്ഷം ക്യാംപുകള്‍ സജ്ജമാണെന്നും കലക്ടര്‍ അറിയിച്ചു. അണക്കെട്ടു തുറക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഐടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തു നടപടി സ്വീകരിക്കും. വസ്തുതകള്‍ അറിയുന്നതിന് ഔദ്യോഗിക അറിയിപ്പുകളെ ആശ്രയിക്കണം. ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജായ www.facebook.com/dcekmലും അറിയിപ്പുകള്‍ യഥാസമയം ലഭ്യമാകും. കാക്കനാട് കലക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ ടോള്‍ഫ്രീ നമ്പറായ 1077ലും ബന്ധപ്പെടാവുന്നതാണ്. മറ്റു നമ്പറുകള്‍ 7902200300, 7902200400, 04842423513

pathram desk 2:
Related Post
Leave a Comment