വണ്ണപ്പുറം കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി അനീഷ് പിടിയില്‍; അറസ്റ്റ് നേര്യമംഗലത്ത് സുഹൃത്തിന്റെ വീട്ടില്‍ നിന്ന്

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൂട്ടക്കൊല ചെയ്ത കേസിലെ മുഖ്യപ്രതി അനീഷ് അറസ്റ്റില്‍. നേര്യമംഗലത്ത് സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ ഇവിടെ ഒളിവില്‍ താമസിക്കാന്‍ എത്തിയപ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്. രണ്ട് ഫോണും വീട്ടില്‍ വച്ച ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്.

അതേസമയം, കൊല നടത്താനായി കൃഷ്ണന്റെ വീട്ടിലേക്കു അനീഷും ലിബീഷും പോകുന്നതിനിടയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. പെട്രോള്‍ പമ്പില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചത്. മറ്റു സ്ഥാപനങ്ങളില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

പോലീസ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയ കൂട്ടുപ്രതി ലിബീഷിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണം ലിബീഷും മുഖ്യപ്രതി അനീഷും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചിരിക്കുകയാണ്. ഇത് തിരിച്ചെടുക്കുന്നതിനൊപ്പം ലീബീഷിന്റെ കാരിക്കോട്ടെ വീട്ടിലും കൃഷ്ണന്റെ കമ്ബക്കാനത്തെ വീട്ടിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കും. അഞ്ച് ദിവസത്തേക്കാണ് ഇയാളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

നേരത്തെ നടത്തിയ തെളിവെടുപ്പില്‍ നാലംഗ കുടുംബത്തെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച ആഭരണങ്ങളും പ്രതി പൊലീസിന് കാണിച്ച് കൊടുത്തിരുന്നു. അനീഷ് കൂടി പിടിയിലായതോടെ കൊലപാതകക്കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്.

കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരെയാണ് വീടിന് സമീപം കൊന്നുകുഴിച്ചിട്ട നിലയില്‍ ആഗസ്റ്റ് ഒന്നിന് രാവിലെ കണ്ടെത്തിയത്. അടിച്ചുവീഴ്ത്തിയ ശേഷം ആര്‍ഷയെ മാനഭംഗപ്പെടുത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ലബീഷിനെതിരെ ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്.

അതേസമയം കൊല്ലപ്പെട്ട കൃഷണനും കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അനീഷിനും സീരിയല്‍ നടി ഉള്‍പ്പെട്ടെ കള്ളനോട്ട് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. കള്ളനോട്ട് കേസിലെ പ്രതി രവീന്ദ്രന്‍ കൃഷ്ണനും അനീഷുമായി ബന്ധപ്പെട്ടിരുന്നുവെന്നും രവീന്ദ്രന്‍ റൈസ് പുള്ളര്‍ തട്ടിപ്പിലെ പ്രധാനിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment