കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരം, തമിഴ്‌നാട്ടില്‍ സുരക്ഷ ശക്തമാക്കി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു. കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണ്. പരമാവധി മെഡിക്കല്‍ സഹായം നല്‍കിയിട്ടും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം വഷളായിക്കൊണ്ടിരിക്കയണെന്ന് കാവേരി ഹോസ്പിറ്റല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അരവിന്ദന്‍ ശെല്‍വരാജ് മെഡിക്കല്‍ ബുളളറ്റിനില്‍ അറിയിച്ചു

ആരോഗ്യനില വഷളായി എന്ന വാര്‍ത്തപുറത്തു വന്നതിന് പിന്നാലെ ആശുപത്രി പരിസരം പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചെന്നൈയില്‍ എല്ലായിടത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കാവേരി ആശുപത്രിക്ക് പരിസരത്ത് 1200 പൊലീസുകാരെ വിന്യസിച്ചു. എല്ലാ പൊലീസുകാരും യൂണിഫോമില്‍ ഹാജരാകാന്‍ പൊലിസ് സേനക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി.

കരുണാനിധിയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ, എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമിയുമായി ചര്‍ച്ച നടത്തി. കാവേരി ആശുപത്രിയില്‍ ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു കൂടിക്കാഴ്ച. തിങ്കളാഴ്ച വൈകിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ചലച്ചിത്രതാരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് തുടങ്ങിയവര്‍ അദ്ദേഹത്തെ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു

pathram desk 2:
Related Post
Leave a Comment