ആലപ്പുഴയിലെത്തും; പക്ഷേ കുട്ടനാട്ടിലേക്കില്ല; മുഖ്യമന്ത്രി പ്രളയബാധിത മേഖലകള്‍ കാണില്ല; അവലോകനയോഗം ബഹിഷ്‌കരിച്ച് ചെന്നിത്തല

ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയബാധിത മേഖലകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിച്ചേക്കില്ലെന്ന് സൂചന. ആലപ്പുഴ സന്ദര്‍ശിക്കാനെത്തുന്ന മുഖ്യമന്ത്രി കുട്ടനാട്ടേക്ക് പോകില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. രാവിലെ പത്തുമണിക്ക് ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി അവലോകനയോഗത്തില്‍ പങ്കെടുത്തശേഷം മടങ്ങുമെന്നാണ് സൂചനകള്‍. മുഖ്യമന്ത്രി നാളെ കുട്ടനാട്ടിലെത്തുമെന്നായിരുന്നു മന്ത്രിമാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സന്ദര്‍ശനം സംബന്ധിച്ച് ജില്ലാ ഭരണകുടത്തിനും പൊലീസിനും അറിയിപ്പ് ലഭിച്ചിട്ടില്ല. തലസ്ഥാനത്തെത്തുന്ന രാഷ്ട്രപതിയെ സ്വീകരിക്കാന്‍ പോകേണ്ടതുകൊണ്ടാണ് ഉച്ചയ്ക്ക് തന്നെ മടങ്ങുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. വൈകിട്ട് അഞ്ചുമണിക്കാണ് രാഷ്ട്രപതി തലസ്ഥാനത്തെത്തുന്നത്. അവലോകനയോഗത്തിന് ശേഷം ഉച്ചയ്ക്ക് 12മണിയോടെ തിരുവനന്തപുരത്തേക്ക് മടങ്ങാനാണ് നാളത്തെ കാര്യപരിപാടിയില്‍ നിശ്ചയിച്ചിരിക്കുന്നത്.

പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടന്‍ കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ വിമര്‍ശനവും ഉന്നയിച്ചിരുന്നു. ആലപ്പുഴയിലെത്തിയിട്ടും സന്ദര്‍ശനം നടത്താതെ മടങ്ങാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് അവലോകന യോഗം ബഹിഷ്‌കരിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

pathram desk 2:
Related Post
Leave a Comment