ബാങ്കുകള്‍ ഉപയോക്താക്കളില്‍നിന്ന് മിനിമം ബാലന്‍സ് ഇല്ലാത്തതിന് കഴിഞ്ഞ വര്‍ഷം പിടിച്ചുപറിച്ചത് 5000 കോടിയോളം രൂപ

കൊച്ചി: ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ കൊണ്ട് ബാങ്കുകളില്‍ അക്കൗണ്ട് എടുപ്പിക്കുന്നതുള്‍പ്പെടെ നിരവധി നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി. ഇതിനോടൊപ്പം ബാങ്കുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് കര്‍ശനമായി പിഴ ഈടാക്കുകയും ചെയ്തു. ഇങ്ങനെ ചെയ്തതിലൂടെ വന്‍ തുകയാണ് പോയ വര്‍ഷം ബാങ്കുകള്‍ സ്വന്തമാക്കിയത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ രാജ്യത്തെ വിവിധ ബാങ്കുകള്‍ ഇടപാടുകാരില്‍ നിന്ന് 2017–-18ല്‍ നേടിയത് 4989.55 കോടി രൂപയാണ്. എ. സമ്പത്ത് എംപിക്കു ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ഇടപാടുകാരില്‍നിന്ന് ഈടാക്കിയത് 3550.99 കോടി രൂപയാണെന്നും വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് കൂടിയായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് 2433.87 കോടി രൂപ. പിന്നിട്ട നാലു വര്‍ഷങ്ങളിലായി രാജ്യത്തെ 24 പൊതുമേഖലാ-–സ്വകാര്യ ബാങ്കുകള്‍ ഈയിനത്തില്‍ നേടിയ തുക 11,500 കോടി രൂപ.

പഞ്ചാബ് നാഷണല്‍ ബാങ്കാണു രണ്ടാം സ്ഥാനത്ത് 210.76 കോടി രൂപ. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 173.92 കോടിയും കാനറാ ബാങ്ക് 118.11 കോടി രൂപയും ഈടാക്കി. രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു സ്വകാര്യ ബാങ്കുകള്‍ ഈടാക്കിയിരിക്കുന്നത് 1438.56 കോടി രൂപയാണ്. സ്വകാര്യ ബാങ്കുകളില്‍ എച്ച്ഡിഎഫ്‌സി ബാങ്കാണു മുന്നില്‍. കഴിഞ്ഞ വര്‍ഷം 590.84 കോടി രൂപയാണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ഇവര്‍ ഈടാക്കിയത്. ആക്‌സിസ് ബാങ്ക് 530.12 കോടിയും ഐസിഐസിഐ ബാങ്ക് 317.6 കോടിയും പിഴ ചുമത്തിയിട്ടുണ്ട്.

pathram:
Leave a Comment