കാളയ്‌ക്കൊപ്പം കുതിച്ച് പാഞ്ഞ് മാണിക്യന്‍, ഒടിയന്റ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

കൊച്ചി: സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. പരസ്യ ചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഒടിയന്‍ മാണിക്യനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കുതിച്ചു പായുന്ന കാളകള്‍ക്കൊപ്പമുള്ള ഒടിയന്‍ മാണിക്യനാണ് പോസ്റ്ററില്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുലിമുരുകന്‍ എന്ന ചിത്രത്തില്‍ ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. എം.ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. റഫീഖ് അഹമ്മദിന്റേതാണ് ഗാനരചന. ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്.

പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് ‘ഒടിയന്റെ’ പ്രധാന ലൊക്കേഷനുകള്‍. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ‘ഒടിയന്‍’ ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ടുകാലത്തെ കഥയാണ് പറയുന്നത്.

ഇതോടൊപ്പം, കഴിഞ്ഞദിവസം തന്നെ ഒടിയനിലെ മോഹന്‍ലാലിന്റെ പുതിയ ലുക്കും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇരുട്ടിന്റെ അന്തരീക്ഷത്തില്‍ കരിമ്പടവും പുതച്ചു നില്‍ക്കുന്ന ഒടിയന്‍ ആരെയും ഒന്നു പേടിപ്പെടുത്തും.മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പെരുമയും കൊണ്ട് ഉരുവാകുന്ന ‘ഒടിയ’ന്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് അഭിമാനത്തിന് വക നല്‍കും എന്നതില്‍ സംശയമില്ല. ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

pathram desk 2:
Related Post
Leave a Comment