ഇടുക്കി അണക്കെട്ട് ഇപ്പോള്‍ തുറക്കേണ്ടതില്ല, റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട അനിവാര്യ സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് ഡാം സുരക്ഷ അതോറിട്ടി ചെയര്‍മാന്‍

തിരുവനന്തപുരം : ഇടുക്കി അണക്കെട്ട് ഇപ്പോള്‍ തുറക്കേണ്ടതില്ലെന്ന് ഡാം സുരക്ഷ അതോറിട്ടി. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട അനിവാര്യ സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും അതോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 2403 അടിയെത്തുമ്പോള്‍ ഷട്ടറുകള്‍ തുറന്നാല്‍ മതിയാകും. അത് മഴയെ ആശ്രയിച്ചിരിക്കും. കനത്ത മഴയാണെങ്കില്‍ പരമാവധി സംഭരണ ശേഷിക്ക് മുമ്പ് തുറക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറക്കുകയാണെങ്കിലും ജലനിരപ്പ് 2400 അടി എത്തുമ്പോള്‍ തുറന്നാല്‍ മതി. ഇടുക്കി അടക്കം എല്ലാ പഴയ അണക്കെട്ടുകളും സുരക്ഷിതമാണ്. അണക്കെട്ടിന് ഒരു ബലക്ഷയ പ്രശ്‌നങ്ങളുമില്ല. ജലം സംഭരിച്ച് പരമാവധി വൈദ്യുതി ഉണ്ടാക്കുകയാണ് വേണ്ടത്. ആലുവയില്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കുക ലക്ഷ്യമിട്ടാണ് അണക്കെട്ട് നേരത്തെ തുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി.

ഇടുക്കി ഡാം ഡാം സുരക്ഷ അതോറിട്ട് ആഗസ്റ്റ് ഏഴിന് സന്ദര്‍ശിക്കും. അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തും. മഴ ഇപ്പോഴത്തെതുപോലെ തുടര്‍ന്നാല്‍ അപ്പോള്‍ മാത്രമേ ഡാം നിറയുകയുള്ളൂ. വൈദ്യുതോല്‍പ്പാദനം വേണ്ടതിനാല്‍ ജലനിരപ്പ് പരമാവധി ശേഷി എത്തും വരെ കാത്തിരിക്കണമെന്നും ഡാം സുരക്ഷ അതോറിട്ടി ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

pathram desk 2:
Related Post
Leave a Comment