ജിഷയ്ക്ക് പിന്നാലെ നിമിഷ; വിദ്യാര്‍ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തിന് കുത്തി കൊലപ്പെടുത്തി; സംഭവം പെരുമ്പാവൂരില്‍

കൊച്ചി: വന്‍വിവാദമായ ജിഷ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുന്‍പെ പെരുമ്പാവൂരില്‍ വീണ്ടും മറ്റൊരു വിദ്യാര്‍ഥിനി കൂടി കൊല്ലപ്പെട്ടു. പൂക്കാട്ടുപടിക്കു സമീപം എടത്തിക്കാട് കോളജ് വിദ്യാര്‍ഥിനിയെ കഴുത്തിനു കുത്തി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിജുവാണ് പിടിയിലായത്. പെരുമ്പാവൂരിനു സമീപം പൂക്കാട്ടുപടി എടത്തിക്കാട് അന്തിനാട്ട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷ (19) ആണു കൊല്ലപ്പെട്ടത്. വാഴക്കുളം എംഇഎസ് കോളജ് അവസാനവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ്. സലോമിയാണ് മാതാവ്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ അന്ന സഹോദരിയാണ്.

രാവിലെ പത്തു മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. മുത്തശ്ശിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത് തടയുന്നതിനിടെ നിമിഷയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആക്രമണം തടയാന്‍ ശ്രമിച്ച നിമിഷയുടെ പിതാവ് തമ്പിക്കും പിതൃ സഹോദരന്‍ ഏലിയാസിനും കത്തിക്കുത്തില്‍ പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പകല്‍വെളിച്ചത്തില്‍ ഉണ്ടായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പെരുമ്പാവൂര്‍ നിവാസികള്‍.

നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. കേരളത്തില്‍ ഏറ്റവുമധികം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലൊന്നാണ് പെരുമ്പാവൂര്‍. ഫൊറന്‍സിക് ഉദ്യോഗസ്ഥരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നിമിഷയുടെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പിടിയിലായ ബിജുവിനെ എത്തിച്ച പെരുമ്പാവൂര്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.

pathram:
Related Post
Leave a Comment