ജനങ്ങള്‍ ആശങ്കയില്‍; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ഓറഞ്ച് അലര്‍ട്ടിന് ഇനി രണ്ടടി മാത്രം!!!

തൊടുപുഴ: ആശങ്കയുയര്‍ത്തി ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 2393.78 അടിയായി. രണ്ടടി കൂടി ഉയര്‍ന്നാല്‍ ‘ഓറഞ്ച് അലര്‍ട്ട്’ ജാഗ്രതാനിര്‍ദേശം നല്‍കും. ഇടുക്കിയിലെ പരമാവധി സംഭരണശേഷി 2400 അടിയാണ്. ജലനിരപ്പ് 2400 അടി എത്തുന്നതിനു മുന്‍പു തുറക്കുമെന്നും റിസ്‌ക് എടുക്കാന്‍ വൈദ്യുത വകുപ്പ് തയാറല്ലെന്നും മന്ത്രി എം.എം.മണി പറഞ്ഞു. അതിനാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കുന്നതിനു പിന്നാലെ ജലനിരപ്പ് 2400 അടി എത്തുന്നതിനു മുന്‍പായി ഡാം തുറക്കാനാണ് തീരുമാനം.

ഇടുക്കി ജലസംഭരണിയില്‍ വെള്ളം ഉയരുമ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. ഇതിനു മുന്‍പു ചെറുതോണി അണക്കെട്ടു തുറന്നതു 1992ല്‍ ആയിരുന്നു. വെള്ളം ഒഴുക്കുന്നതു ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളുയര്‍ത്തിയാണ്. ചെറുതോണി പുഴയിലൂടെ പെരിയാറിലേക്കു വെള്ളമെത്തും.

ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകള്‍ തടഞ്ഞുനിര്‍ത്തുന്ന വെള്ളം ഏകദേശം 60 ചതുരശ്ര കിലോമീറ്റര്‍ ഭാഗത്തായി വ്യാപിച്ചുകിടക്കുന്നു. 2200 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഇവിടെ സംഭരിക്കാം. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 88.36% വെള്ളം ഇപ്പോഴുണ്ട്. 36.54 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം ഇന്നലെ അണക്കെട്ടില്‍ ഒഴുകിയെത്തി.

ഈ വെള്ളം തുരങ്കങ്ങളിലൂടെ മൂലമറ്റം വൈദ്യുത നിലയത്തിലേക്കാണ് എത്തുന്നത്. പ്രതിദിനം 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഇതിലൂടെ ഉത്പാദിപ്പിക്കുന്നുണ്ട്. മൂലമറ്റം വൈദ്യുത നിലയത്തില്‍ 14.703 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. ഇടുക്കി അണക്കെട്ടു പ്രദേശത്ത് ഇന്നലെ മഴ കുറഞ്ഞു.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കട്ടില്‍ ഇന്നലത്തെ ജലനിരപ്പ് 135.95 അടിയാണ്. വെള്ളം തമിഴ്നാട്ടിലേക്കു തുറന്നുവിട്ടിട്ടുണ്ട്. എന്നിട്ടും ജലനിരപ്പ് നിയന്ത്രിക്കാനായില്ലെങ്കില്‍ സ്പില്‍വേ വഴി ഇടുക്കി അണക്കെട്ടിലേക്കും വെള്ളം ഒഴുക്കിവിടും.

pathram desk 1:
Leave a Comment