സെലിബ്രിറ്റികളെ കൊല്ലുന്നത് സോഷ്യല്‍ മീഡിയയില്‍ പുതിയ കാര്യമൊന്നുമല്ല. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലോകത്തെ മുഴുവന്‍ ചിരിപ്പിച്ച മിസ്റ്റര്‍ ബീന്‍ സാക്ഷാല്‍ റോവന്‍ ആറ്റ്കിന്‍സണിന്റെ വ്യാജ മരണ വാര്‍ത്ത. ഇന്നലെ മുതലാണ് മിസ്റ്റര്‍ ബീന്‍ മരിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചു തുടങ്ങിയത്. എന്നാല്‍ വ്യാജ വാര്‍ത്ത എന്നതിനു പുറമേ ഇതില്‍ ഒളിച്ചിരിക്കുന്നത് വന്‍ വൈറസ് ആണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
ലോസ് ആഞ്ചല്‍സിലുണ്ടായ കാര്‍ അപകടത്തില്‍ റോവന്‍ മരിച്ചെന്ന ഫോക്സ് ന്യൂസിന്റെ ലിങ്കാണ് ഹാക്കേഴ്സ് ഫെയ്സ്ബുക്കിലൂടെയും വാട്ട്സ്ആപ്പിലൂടെയും പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം ലിങ്കുകള്‍ കൊടും വൈറസ് പ്രചരിപ്പിക്കാനായി ഹാക്കര്‍ ഉപയോഗിക്കുന്നതായും തങ്ങളുടെതായി പുറത്തു വന്ന വാര്‍ത്ത വ്യാജമാണെന്നും ഫോക്സ് ന്യൂസ് വ്യക്തമാക്കി.
വ്യാജ വാര്‍ത്തയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന ആളുകളുടെ കംപ്യൂട്ടറിലും മൊബൈലിലും വൈറസ് കയറിപറ്റുകയും ബാങ്കിങ് ഉള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്തി എടുക്കുകയും ചെയ്യും. റോവന്‍ അറ്റ്കിന്‍സന്റെ ചിത്രവും ആര്‍ഐപി എന്ന എഴുത്തിനുമൊപ്പമാണ് ഹാക്കര്‍മാര്‍ വീഡിയോ പ്രചരിപ്പിക്കുന്നത്.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കംമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഹാക്ക് ചെയ്യപ്പെടുമെന്നും രഹസ്യവിവരങ്ങള്‍ ചോരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വൈറസ് കയറിയാല്‍ ഒരു സപ്പോര്‍ട്ടിങ് നമ്പറിലേയ്ക്ക് വിളിക്കാന്‍ ആവശ്യപ്പെടുന്നു. അതിലേയ്ക്ക് വിളിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ രേഖപ്പെടുത്താനാകും ആവശ്യപ്പെടുക. ഇത്തരത്തില്‍ നിരവധി പേരുടെ പണം നഷ്ടപ്പെട്ടതായി ഫോക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂലൈ 2017 ലാണ് റോവന്‍ ആറ്റ്കിന്‍സണ്‍ മരിച്ചെന്ന തരത്തിലുള്ള വ്യാജ വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈ ബുധനാഴ്ച്ച മുതലാണ് ഈ വ്യാജ വാര്‍ത്ത വൈറസ് കുത്തിനിറച്ച് വീണ്ടും പ്രചരിച്ച് തുടങ്ങിയത്. ലോകമെമ്പാടുമുളള ടി.വി പ്രേക്ഷകരുടെ ഇഷ്ടതാരമായതു കൊണ്ടാകും ഹാകകര്‍മാര്‍ മിസ്റ്റര്‍ ബീനിനെ തെരഞ്ഞെടുത്തതെന്നാണ് നിഗമനം.
Leave a Comment