നിസ്വാര്‍ഥ പ്രണയത്തിന്റെ കഥപറഞ്ഞ് പ്രേഷക മനസില്‍ ഇടംനേടിയ മായാനദി വീണ്ടും തീയേറ്ററുകളില്‍ എത്തുന്നു. ടൊവിനോ-ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആഷിക്ക് അബുവാണ് ചിത്രം ഒരുക്കിയത്. മലയാളികളുടെ മനസില്‍ വിങ്ങലായി മാറിയ മാത്തനെ വീണ്ടും തീയേറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം മായാനദി. പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രം വളരെ കുറച്ച് സെന്ററുകളില്‍ മാതം റിലീസിനെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം.
കഴിഞ്ഞ ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 23നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിവസം മുതല്‍ വളരെ മികച്ച പ്രതികരണവും ചിത്രത്തിന് ലഭിക്കുകയുണ്ടായി. ഈയിടെ സിനിമയുടെ ഡിവിഡി റിലീസ് ചെയ്തപ്പോഴും പ്രേക്ഷകര്‍ ചിത്രത്തെ വാനോളം പുകഴ്ത്തി സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് എഴുതുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ വീണ്ടും ഒരു പ്രദര്‍ശനത്തിനായി തീരുമാനമെടുത്തത്.
മാത്തന്റെ പ്രണയവും അപ്പുവിന്റെ കാത്തിരിപ്പും ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ ഏറ്റെടുക്കും എന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
Leave a Comment