ആ യാത്ര തങ്ങളെ കൂടുതല്‍ പരസ്പരം അടുപ്പിച്ചു, നിക് ജൊനാസുമായുള്ള പ്രണയം തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ് ഗായകന്‍ നിക് ജൊനാസും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ബോളിവുഡിലും ഹോളിവുഡിലും പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറയായി. ഇതിനിടെ താരം വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് മനസ് തുറക്കുകയാണ്. ഹാംപ്ടണ്‍സില്‍ നടന്ന സാക്സ് എക്സ് വോഗിന്റെ പരിപാടിയിലാണ് പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും പ്രിയങ്ക സംസാരിച്ചത്.

‘വിവാഹം എന്ന ആശയത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഒരു സമയത്ത് ഞാന്‍ വിവാഹിതയാകും. വിവാഹം നിങ്ങളെ കൂടുതല്‍ ഫെമിനിസ്റ്റാക്കുമോ അല്ലയോ എന്നൊന്നും എനിക്കറിയില്ല. ഞങ്ങളെ ജഡ്ജ് ചെയ്യാതെ ഞങ്ങളെ ഞങ്ങളുടേതായ തിരഞ്ഞെടുപ്പുകള്‍ക്ക് അനുവദിക്കൂവെന്നാണ് ഫെമിനിസത്തിലൂടെ സ്ത്രീകള്‍ ആവശ്യപ്പെടുന്നത്. വിവാഹ ജീവിതം താന്‍ ഇഷ്ടപ്പെടുന്നു’- പ്രിയങ്ക നിലപാട് വ്യക്തമാക്കി.

താനൊരു സൂപ്പര്‍ റൊമാന്റിക് ആണെന്നാണ് പ്രിയങ്ക സ്വയം വിശേഷിപ്പിച്ചത്. സന്തോഷവതിയായിരിക്കുന്ന സമയത്താണ് താന്‍ ഏറ്റവും സുന്ദരിയെന്നും പ്രിയങ്ക പറഞ്ഞു. ഇതിനിടെ പ്രിയങ്കയും നികും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആ യാത്ര തങ്ങളെ കൂടുതല്‍ പരസ്പരം അടുപ്പിച്ചു എന്നാണ് താരം പറയുന്നത്. ‘ഞങ്ങള്‍ക്ക് പരസ്പരം കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞു. നികിന് ഇന്ത്യന്‍ ട്രിപ്പ് വ്യത്യസ്തമായൊരു അനുഭവം ആയിരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’- പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഗായകന്‍ നിക് ജൊനാസിന് പ്രിയങ്കയേക്കാള്‍ പത്ത് വയസ് കുറവാണ്. നിക്കിന് 25 വയസും പ്രിയങ്കയ്ക്ക് 35 വയസുമാണ്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

pathram desk 2:
Related Post
Leave a Comment