കോട്ടയം: പീഡനത്തിനിരയായ കന്യാസ്ത്രീയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് മദര്‍ ജനറല്‍ റെജീന കടംതോട്ട്. കന്യാസ്ത്രീയുടെ ബന്ധുവാണ് ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് പരാതി നല്‍കിയത്. സഭ അന്വേഷണം നടത്തിയെങ്കിലും കന്യാസ്ത്രീ ഇതുമായി സഹകരിച്ചില്ല. അച്ചടക്ക നടപടി ഭയന്നാണ് കന്യാസ്ത്രീ അന്വേഷണവുമായി സഹകരിക്കാതിരുന്നതെന്ന് മദര്‍ ജനറല്‍ പറഞ്ഞു.
തിരുവസ്ത്രം ഊരിക്കുമെന്ന് കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയെന്ന് മദര്‍ ജനറല്‍ പറഞ്ഞു. ഒത്തു തീര്‍പ്പിനായി താന്‍ നല്‍കിയ കത്തുകള്‍ പുറത്ത് വിട്ടത് ശരിയായില്ലെന്നും മദര്‍ ജനറല്‍ പറഞ്ഞു. കന്യാസ്ത്രീയുടെ പരാതി രൂപതയ്ക്ക് കൈമാറാന്‍ മാത്രമേ തനിക്ക് കഴിയുമായിരുന്നുള്ളൂ. പീഡനവുമായി ബന്ധപ്പെട്ട പരാതി അച്ചടക്ക നടപടിക്കെതിരായ പകരം വീട്ടലാണെന്നും മദര്‍ ജനറല്‍ പറഞ്ഞു.
അതേസമയം, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പൊലീസിന് മേല്‍ സമ്മര്‍ദമില്ലെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ പറഞ്ഞു. അന്വേഷണത്തിനായി ആവശ്യമെങ്കില്‍ ജലന്ധറിലേക്ക് പോകാമെന്നും ഡിജിപി പറഞ്ഞു.
ബിഷപ്പിനെതിരെ നിലപാട് എടുക്കാനാകില്ലെന്നും ബിഷപ്പിന്റെ അധീനതയിലാണ് മഠം എന്നും കന്യാസ്ത്രീയുടെ സഹോദരിക്ക് എഴുതിയ കത്തില്‍ മദര്‍ ജനറല്‍ പറഞ്ഞിരുന്നു. കൂടാതെ സന്യാസിനി മഠത്തിന്റെ നിലനില്‍പ്പിന് ബിഷപ്പിന്റെ പിന്തുണ ആവശ്യമാണെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ സ്വഭാവഹത്യ നടത്തുന്നുവെന്ന് ജലന്ധര്‍ രൂപതയിലെ വൈദികന്‍ വ്യക്തമാക്കിയിരുന്നു. ബിഷപ്പ് മുന്‍പും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരനായ വൈദികന്‍ പറഞ്ഞു. തെറ്റുകള്‍ മറച്ചുവെക്കാനുള്ള ശ്രമമാണിതെന്നും വൈദികന്‍ പറഞ്ഞു. കന്യാസ്ത്രീയുമായി മുന്‍പ് പ്രശ്നങ്ങളില്ലായിരുന്നെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം തെറ്റാണെന്നും വൈദികന്‍ ചൂണ്ടിക്കാട്ടി. ആരോപണമുന്നയിച്ച കന്യാസ്ത്രീയടക്കം മൂന്ന് പേര്‍ക്കെതിരെ ബിഷപ്പ് പരാതി നല്‍കിയിരുന്നു. ആത്മഹത്യാ ഭീഷണി മുഴക്കുന്നെന്നായിരുന്നു 2017 നവംബറില്‍ ബിഷപ്പ് നല്‍കിയ പരാതി. 2018ലും വധഭീഷണിയുണ്ടെന്ന് കാണിച്ച് കന്യാസ്ത്രീക്ക് എതിരെ ബിഷപ്പ് പരാതി നല്‍കിയിരുന്നുവെന്ന് വൈദികന്‍ പറഞ്ഞു.
ഇതിനിടെ പീഡനം നടന്നുവെന്ന് ആരോപിക്കുന്ന 2014 മുതല്‍ 16 വരെയുള്ള കാലഘട്ടത്തില്‍ കന്യാസ്ത്രീ തനിക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിരുന്നുവെന്ന് ബിഷപ്പ് പറയുന്നു. തന്റെ 25ാമത് പൗരോഹിത്യ ജൂബിലിയിലും, 2016 നവംബറില്‍ എന്റെ അമ്മ മരിച്ചപ്പോഴും കന്യാസ്ത്രീ പങ്കെടുത്തിരുന്നു. ആരോപണത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ അവര്‍ ഈ പരിപാടികളില്‍ പങ്കെടുക്കുമായിരുന്നോയെന്ന് ബിഷപ്പ് ചോദിച്ചു.
ആരോപണത്തിന് പിന്നില്‍ ഗുഢാലോചന നടന്നിട്ടുണ്ടോയെന്ന് അറിയില്ല. സഭയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്ന് കരുതുന്നില്ല. ഇന്ത്യയിലെ കത്തോലിക്കാ സഭകള്‍ വളരെ ഐക്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സഭയ്ക്കുള്ളില്‍ പ്രശ്ങ്ങള്‍ ഉണ്ടെന്നുള്ളത് കെട്ടിചമച്ച കഥ മാത്രമാണെന്നും ബിഷപ്പ് പറഞ്ഞു.
താന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കാത്തത് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ളതിനാലെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. വത്തിക്കാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നെന്നും ജലന്ധറില്‍ ഒളിച്ച് താമസിക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ പോലീസ് ഇതുവരെ തന്നെ ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല. അന്വേഷണസംഘം ജലന്ധറില്‍ എത്തിയാല്‍ അവരോട് പൂര്‍ണമായും സഹകരിക്കും. ഈ ആരോപണം സംബന്ധിച്ച സത്യാവസ്ഥ പുറത്ത് കൊണ്ടുവരികയെന്നത് തന്റെ കൂടി ഉത്തരവാദിത്വമാണ്. ഞാന്‍ നിരപരാധിയാണെന്ന് ഞാന്‍ പറഞ്ഞാല്‍ പോരെന്നും അത് തെളിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Comment