അമ്മയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു തരത്തിലും സര്‍ക്കാര്‍ ഇടപെടുകയില്ല, മോഹന്‍ലാലിനെ വ്യാഖ്യാനിച്ച് വിവാദങ്ങള്‍ ഉണ്ടാക്കരുത്; എകെ ബാലന്‍

തിരുവനന്തപുരം: മോഹന്‍ലാലിന്റെ അഭിപ്രായങ്ങള്‍ക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ കൊടുത്ത് വീണ്ടും വിവാദങ്ങളിലേക്ക് പോകരുതെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. ഈ മേഖലയിലെ എല്ലാവരും ഒരു കുടുംബത്തെ പോലെ പരസ്പരം സഹകരിച്ചും വിശ്വസിച്ചും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായ ശേഷം പൊതുവികാരം മാനിച്ച് എടുത്ത തീരുമാനങ്ങളെ അംഗീകരിക്കുന്നതോടൊപ്പം ശേഷിക്കുന്ന കാര്യങ്ങളില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിക്കുമെന്നും ഏകപക്ഷീയമായ തീരുമാനങ്ങള്‍ അമ്മ എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞതായും മന്ത്രി പറയുന്നു. വ്യത്യസ്ത അഭിപ്രായമുള്ളവരുടെ വികാരങ്ങളെ മാനിച്ചുകൊണ്ട് മാത്രമെ തീരുമാനങ്ങള്‍ എടുക്കുകയുള്ളുവെന്നും അവരുമായി എത്രയും വേഗം ചര്‍ച്ച നടത്തുമെന്നും മോഹന്‍ലാല്‍ പറഞ്ഞതായും മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു

കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമാ സാംസ്‌കാരിക മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതും നടപ്പാക്കാന്‍ പോകുന്നതുമായ പദ്ധതികള്‍ വിശദീകരിച്ചു. സിനിമാ രംഗത്തെ സര്‍ക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലുകളില്‍ മോഹന്‍ലാല്‍ സംതൃപ്തി രേഖപ്പെടുത്തിയെന്നും ബാലന്‍ പറഞ്ഞു. ഈ രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അമ്മയുടെ പിന്തുണ ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ ഉറപ്പുനല്‍കി. അമ്മ എന്ന സംഘടനയില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന ഒരു പ്രവര്‍ത്തനവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും ഈ മേഖലയിലെ ഒരു പ്രധാന സംഘടന എന്ന നിലയില്‍ അത് ശക്തമായി നിലകൊള്ളണം എന്നുമാണ് സര്‍ക്കാര്‍ നിലപാട്. അമ്മയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു തരത്തിലും സര്‍ക്കാര്‍ ഇടപെടുകയില്ലെന്നും ബാലന്‍ പറഞ്ഞു

pathram desk 2:
Related Post
Leave a Comment