തിരുവനന്തപുരം: എല്‍ഡിഎഫിലേക്കുള്ള ക്ഷണം തള്ളി ആര്‍എസ്പി. ആര്‍എസ്പി യുഡിഎഫിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് ബന്ധം വിടില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞു. കോടിയേരിയുടെ ക്ഷണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് അസീസ് കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അസീസ്.
കഴിഞ്ഞ ദിവസം പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് ആര്‍എസ്പിയെ സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുന്നണിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ഈ ക്ഷണം പാടെ തള്ളിക്കൊണ്ടാണ് ആര്‍എസ്പിയുടെ പ്രതികരണം.പാര്‍ലമെന്റ് സീറ്റിന് വേണ്ടി മാത്രമല്ല ആര്‍എസ്പി എല്‍ഡിഎഫ് വിട്ടത്. ആര്‍എസ്പിയുടെ സീറ്റുകള്‍ പലപ്പോഴായി സിപിഐഎം കവര്‍ന്നെടുത്തു. ഞെക്കിക്കൊല്ലാന്‍ ശ്രമിച്ചിട്ട് നടക്കാതെ വന്നപ്പോള്‍ നക്കിക്കൊല്ലാന്‍ നോക്കുകയാണ്. അസീസ് പറഞ്ഞു.
ആര്‍എസ്പി നിലവില്‍ യുഡിഎഫിന്റെ ഭാഗമാണ്. അത് തുടരും. കോണ്‍ഗ്രസുമായുള്ള ബന്ധം വിടില്ല. കോണ്‍ഗ്രസിനെ എതിര്‍ത്ത് ഒരു ദേശീയ മതേതരസഖ്യം ഉണ്ടാക്കാന്‍ കഴിയില്ല. യുഡിഎഫ് കുറേക്കൂടി ശക്തിപ്പെടേണ്ടതുണ്ട്. ഇതിന് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങണം. അസീസ് അഭിപ്രായപ്പെട്ടു.
യുഡിഎഫ് വിട്ടുവന്നാല്‍ ആര്‍എസ്പിയെ എല്‍ഡിഎഫ് സ്വീകരിക്കുമെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന. ആര്‍എസ്പി കേരളഘടകത്തിന്റെ നിലപാട് മാറ്റണമെന്ന് സിപിഐഎമ്മിന്റെയും സിപിഐയുടെയും പാര്‍ട്ടി കോണ്‍ഗ്രസുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുഡിഎഫില്‍ തുടര്‍ന്നാല്‍ ആര്‍എസ്പി വലിയ തകര്‍ച്ച നേരിടുമെന്നും പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ കോടിയേരി പറഞ്ഞു.
Leave a Comment