ബംഗളൂരു: പ്രവര്‍ത്തനമികവ് കാഴ്ചവെയ്ക്കുന്ന പൊലീസുകാര്‍ക്ക് അഭിനന്ദനം ലഭിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. അഭിനന്ദനങ്ങള്‍ക്ക് പുറമെ ഇത്തരക്കാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ചെറിയ സമ്മാനങ്ങളും ലഭിക്കാറുണ്ട്. എന്നാല്‍ മേലുദ്യോഗസ്ഥന് നല്കിയ സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് ബംഗളൂര് സേനയിലെ യുവ ഓഫീസറായ വെങ്കിടേഷ്.
കഴിഞ്ഞ കുറച്ചു നാളുകളായി നഗരത്തെ വിറപ്പിച്ച് ബൈക്കില്‍ മോഷണ സംഘം കറങ്ങുകയാണ്. ബൈക്കിലെത്തി മാലയും പഴ്സുമൊക്കെ തട്ടുന്ന സംഘത്തെ പിടികൂടാനാവാതെ പൊലീസ് കുഴങ്ങുകയായിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം സരജ്പൂര്‍ റോഡില്‍ നില്‍ക്കുകയായിരുന്ന വെങ്കിടേഷ് കരച്ചില് കേട്ടത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘം മാല പൊട്ടിച്ച് കടക്കുകയായിരുന്നു. കള്ളന്മാര് പോകുന്നത് കണ്ട വെങ്കിടേഷ് ബൈക്കില്‍ ഇവരെ പിന്തുടര്ന്നു. നാലു കിലോമീറ്ററോളം ചെയ്സിങിന് ശേഷം ഒരു ബൈക്കിനെ കീഴ്പ്പെടുത്താന്‍ വെങ്കിടേഷിന് സാധിച്ചു. രണ്ടു കള്ളന്മാരെ പിടികൂടി പൊലീസിന് കൈമാറി. ഇതിനിടെ വെങ്കിടേഷിന്റെ കൈയ്ക്കും കാലിനും മുറിവേറ്റിട്ടുണ്ട്.
ഇത്ര ധീരതയോടെ കള്ളന്മാരെ കീഴ്പ്പെടുത്തിയ വെങ്കിടേഷിന് സേന 10000 രൂപ പാരിതോഷികമായി നല്കി. എന്നാല്‍ ശരിക്കും ഞെട്ടിച്ചത് ഡെപ്യൂട്ടി കമ്മീഷണര്‍ അബ്ദുള്‍ അഹമ്മദ് ആണ്. ഉടനെ വിവാഹിതനാകാന്‍ പോകുന്ന വെങ്കിടേഷിന് തന്റെ സമ്മാനമായി ഹണിമൂണ്‍ ട്രിപ്പ് സ്പോണ്സര് ചെയ്തു. മൂന്നു രാത്രിയും നാലു പകലും മൂന്നാറില്‍ ചിലവഴിക്കാന്‍ തയ്യാറാണോ എന്ന് കമ്മീഷണര്‍ ചോദിച്ചു.
Leave a Comment