പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് അഴിമതി കേസില്‍ 10 വര്‍ഷം തടവ്

ഇസ്ലാമാബാദ്: അഴിമതി കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വര്‍ഷം തടവ് ശിക്ഷ. മകള്‍ മറിയം ഷെരീഫിന് 7 വര്‍ഷവും മരുമകന്‍ സഫ്ദറിന് ഒരു വര്‍ഷവുമാണ് പാക്കിസ്ഥാന്‍ കോടതി തടവ് വിധിച്ചത്. ലണ്ടനിലെ അവന്‍ഫീല്‍ഡ് ഹൗസില്‍ നാലു ആഡംബര ഫ്‌ലാറ്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി.

കേസില്‍ വിധി പറയുന്നത് ഒരാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന നവാസ് ഷെരീഫിന്റെ ആവശ്യം കോടതി തളളിയിരുന്നു. നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സു ലണ്ടനില്‍ ചികില്‍സയിലാണ്. ലണ്ടനിലുളള തനിക്ക് ഉടനെ മടങ്ങിയെത്താന്‍ കഴിയില്ലെന്നും അതിനാല്‍ വിധിപ്രസ്താവം പറയുന്നത് നീട്ടിവയ്ക്കണമെന്നുമാണ് നവാസ് ഷെരീഫ് അഭിഭാഷകന്‍ മുഖേന അറിയിച്ചത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

ഷെരീഫിന്റെ ഭാര്യ കുല്‍സുമിന് തൊണ്ടയില്‍ കാന്‍സറാണ്. വിദഗ്ധ ചികില്‍സയ്ക്കാണ് ഇവരെ ലണ്ടനിലേക്ക് കൊണ്ടുപോയത്. നവാസ് ഷെരീഫും മകളും ഇപ്പോള്‍ ലണ്ടനിലാണുളളത്.

പാനമ പേപ്പര്‍ ചോര്‍ന്നതിലൂടെയാണ് നവാസ് ഷെരീഫിനും മകള്‍ക്കും ലണ്ടനിളള സ്വത്തിനെക്കുറിച്ചുളള വിവരം പുറത്തായത്. തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളാണ് പാനമ രേഖകളിലൂടെ പുറത്തുവന്നത്. പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്‍ ഷെരീഫ് കുറ്റക്കാരനാണെന്ന് പാക് സുപ്രീം കോടതി കണ്ടെത്തിയതോടെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

pathram desk 2:
Leave a Comment